തിരുവനന്തപുരം> വഖഫ് ബോര്‍ഡ് നിയമന വിഷയം പിഎസ്സിക്ക് വിട്ടത് രഹസ്യ തീരുമാനമല്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അതേസമയലം പിഎസ്സി വഴി നിയമനം നടത്തുന്നതിനുള്ള യാതൊരു തുടര്‍ നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
വഖഫ് ബോർഡിലേക്കുള്ള പുതിയ നിയമന രീതി നിയമ നിര്‍മ്മാണം വഴി തീരുമാനിക്കും. മുസ്ലിം സംഘടനകളുടെ യോഗത്തില്‍ എടുത്ത തീരുമാനം തത്വത്തില്‍ അംഗീകരിച്ചു. യോഗ്യരായവരെ നിയമിക്കുന്നതിനുള്ള പുതിയ സംവിധാനം നിയമ ഭേദഗതിയിലൂടെ ഉണ്ടാകും.
കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുമായി സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ താരതമ്യം ചെയ്യാന്‍ സാധിക്കില്ല. നിലവില്‍ വഖഫ് ബോര്‍ഡിലുള്ള ജീവനക്കാര്‍ക്ക് അവരുടെ ജോലി നഷ്ടമാകരുതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
2016 ജൂലൈ 19ന് ആണ് വഖഫ് ബോർഡ് യോഗം പിഎസ്സി വഴി നിയമനം നടത്താൻ തീരുമാനിച്ചത്. ബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടപ്പോഴൊന്നും ഇതിനെതിരെ ആരും പ്രശ്നം ഉന്നയിച്ചില്ല. നിയമം ആയപ്പോൾ മുസ്ലിം സംഘടനകൾ ചില ആശങ്കകൾ ഉന്നയിച്ചു. സർക്കാർ മുസ്ലീം സംഘടനകളുടെ യോഗം വിളിച്ച് അഭിപ്രായം ആരാഞ്ഞു. ആ അഭിപ്രായങ്ങൾ പരിഗണിക്കുമെന്ന് അന്നേ വ്യക്തമാക്കിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.