അബുദാബി> ഉഭയ കക്ഷി ബന്ധത്തിന്റെ മേഖലകൾ ശക്തിപ്പെടുത്തി യുഎഇ പ്രസിഡൻറ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണും കൂടിക്കാഴ്ച നടത്തി. തന്ത്രപ്രധാനമായ മേഖലകളിൽ ദീർഘകാലമായി മികച്ച നയതന്ത്ര ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളാണ് യുഎഇയും ഫ്രാൻസും. തീവ്രവാദവും അസഹിഷ്ണുതയും ചെറുക്കുക, മതങ്ങൾക്കിടയിൽ സഹിഷ്ണുതയുടേയും സഹവർത്തിത്വത്തിന്റേയും ആശയങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ സുദൃഢമായ ഐക്യമാണ് പുലർത്തിപ്പോരുന്നത്.
യുഎഇയുടെ എണ്ണ പര്യവേഷണത്തിൽ “ടോട്ടൽ” പോലെയുള്ള ഫ്രഞ്ച് പെട്രോളിയം കമ്പനികൾ രാഷ്ട്രപിതാവായ ഷെയ്ഖ് സായിദിന്റെ കാലം മുതലേ യുഎഇയിൽ പ്രവർത്തിക്കുന്നുണ്ട. ഇതിന്റെ ഭാഗമായാണ് 2008 ൽ യുഎഇ- ഫ്രാൻസ് സ്ട്രാറ്റജിക് ഡയലോഗ് സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചത്.
വിവിധ സാമ്പത്തിക സാംസ്കാരിക സൈനിക പാരിസ്ഥിതിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ നിരവധി കരാറുകളാണ് സമീപകാലത്തായി ഒപ്പുവച്ചിട്ടുള്ളത്. കഴിഞ്ഞ ഡിസംബറിൽ ഫ്രഞ്ച് പ്രസിഡൻറ് യുഎഇ സന്ദർശിച്ചപ്പോൾ മൊത്തം 13 കരാറുകൾ ഒപ്പിടുകയുണ്ടായി. എണ്ണ ഇതര മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വിദേശ വ്യാപാരം 2021 അവസാനത്തോടെ 25.2 ബില്യൺ ദിർഹം കവിഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുഎഇയിലെ പ്രധാന വിദേശ നിക്ഷേപകരിൽ ഒരാളാണ് ഫ്രാൻസ്. ഫ്രാൻസിന്റെ യുഎഇയിലെ നേരിട്ടുള്ള നിക്ഷേപം 2.5 ബില്യൺ യൂറോ ആണ്. പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി 2017 ൽ പാരീസിലെ അറബ് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ടിനെ പിന്തുണയ്ക്കുന്നതിനായി 5 ദശലക്ഷം യൂറോ ആണ് യുഎഇ സംഭാവന ചെയ്തത്. ഇതുകൂടാതെ ചാറ്റോ ഡി ഫൗണ്ടൈൻ ബ്ലൂവിന്റെ ഇംപീരിയൽ തീയറ്റർ പുനരുദ്ധാരണത്തിന് 10 ദശലക്ഷം യൂറോയും യുഎഇ സംഭാവന ചെയ്യുകയുണ്ടായി. ഇതിൻറെ അടിസ്ഥാനത്തിൽ ഇംപീരിയൽ തീയറ്റർ ഷെയ്ക്ക് ഖലീഫ ബിൻ സാഹിബ് അൽ നഹ്യാന്റെ പേരിൽ പുനർനാമകരണം ചെയ്തു.
സാംസ്കാരിക രംഗത്തെ കൈമാറ്റങ്ങൾക്കായി 2018 ഒക്ടോബറിൽ പാരീസിൽ എമിറാത്തി ഫ്രഞ്ച് സാംസ്കാരിക സഹകരണ വർഷം പ്രഖ്യാപിച്ചു. ഇതിന് തുടർന്ന് യുഎഇയിൽ ഫ്രഞ്ച് ഭാഷയിലുള്ള ഒരു റേഡിയോ ആരംഭിക്കുകയും ചെയ്തു. ലോകത്തിലെ ആറാമത്തെ ഫ്രഞ്ച് സ്കൂൾ ശൃംഖല യുഎഇയിലാണ്. 10000 ത്തിലധികം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ ഫ്രഞ്ച് പൗരന്മാർ താമസിക്കുന്ന സ്ഥലം യുഎഇ ആണ്. ഏകദേശം 25000 ത്തോളം പേരാണ് ഇവിടെ താമസിക്കുന്നത്.