തിരുവനന്തപുരം> വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് തെളിയിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകൾ പുറത്തായതിന് പിന്നാലെ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. യൂത്ത് കോൺഗ്രസ് ഔദ്യോഗിക ഗ്രൂപ്പിലെ വാട്സ്ആപ്പ് ചാറ്റുകൾ ചോരുന്നത് ബോധ്യപ്പെട്ടിട്ടും സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ നടപടിയെടുക്കുന്നില്ലെന്ന് കാട്ടി ഒരു വിഭാഗം നേതാക്കൾ ദേശീയ നേതൃത്വത്തിന് കത്തയച്ചു.
നാല് വൈസ് പ്രസിഡന്റുമാരും നാല് ജനറൽ സെക്രട്ടറിമാരും നാല് സെക്രട്ടറിമാരും ഒപ്പിട്ട കത്താണ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസൻ നൽകിയത്. മുഖ്യമന്ത്രിയെ വിമാനത്തിൽ കരിങ്കൊടി കാണിക്കാനും അക്രമിക്കാനും ആഹ്വാനം ചെയ്തിന്റെ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരു വിഭാഗം നേതാതാക്കൾ സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.