കൊച്ചി> സർക്കാരിനേയും മുഖ്യമന്ത്രിയേയും കുടുംബത്തേയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തുന്ന വെളിപ്പെടുത്തലിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടന്ന് അന്വേഷണ സംഘം ഹൈക്കോടതിയിൽ. കെ ടി ജലീൽ എംഎൽഎയുടെ പരാതിയിൽ തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹർജിയിലാണ് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചത്.
ഫെബ്രുവരി 9, 10 തീയതികളിൽ തൈക്കാട് ഗസ്റ്റ് ഹൗസിൽ സ്വപ്നയും സ്വർണക്കടത്തിലെ കൂട്ടുപ്രതി സരിത്തും പി സി ജോർജുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 404-ാം നമ്പർ മുറിയിലാണ് ഗൂഡാലോചന നടന്നത്. ഇവരെ കൂടാതെ മറ്റ് ചിലർക്കും ഗുഡാലോചനയിൽ പങ്കുള്ളതായി വിവരമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണ്.
സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംസ്ഥാനത്ത് അര മണിക്കൂറിനുള്ളിൽ വലിയ തോതിൽ കലാപവും കൊള്ളിവെപ്പും അരങ്ങേറി. പൊതുമുതൽ നശിപ്പിച്ചു. സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിയേയും കുടുംബത്തേയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകളും കൃത്രിമമായി ചമച്ച ചിത്രങ്ങളും പ്രചരിപ്പിക്കപ്പെട്ടു. പൊതു സമാധാനം തകർക്കാൻ പ്രേരിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയ ദിവസം മാത്രം സംസ്ഥാനത്ത് 12 കേസുകൾ ഉണ്ടായി. സമാനമായ 745 കേസുകളാണ് പിന്നീട് രജിസ്റ്റർ ചെയ്തത്.
സ്വപ്നയുടെ പരസ്യമായ പ്രതികരണം മാത്രമാണ് പ്രകോപനത്തിനും കലാപത്തിനും കാരണമായത്. സ്വപ്നയുടെ ആരോപണങ്ങൾ എൻഐഎയും എൻഫോഴ്സുമെൻറും നേരത്തെ അന്വേഷിച്ചതാണ്. മാധ്യമങ്ങൾക്ക് മുന്നിലെ വെളിപ്പെടുത്തലിൽ പുതുതായി ഒന്നുമില്ല. മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലേതെന്ന മട്ടിൽ പുറത്തു നടത്തിയ വെളിപ്പെടുത്തൽ ദുരുദേശ പരവും അങ്ങേയറ്റം നിരുത്തരവാദപരവും സമൂഹത്തിൽ സംഘഷമുണ്ടാക്കാൻ ബോധപൂർവ്വം നടത്തിയിട്ടുള്ളതുമാണ്.