തിരുവനന്തപുരം> മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ വധശ്രമത്തിന് ശ്രമിച്ച യൂത്ത് കോൺഗ്രസും അതിനെ ന്യായീകരിക്കുന്ന കോൺഗ്രസും ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുകയാണെന്ന് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ജനാധിപത്യ സംവിധാനത്തിനകത്തു പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയും ഇത്തരമൊരു ഭീകരപ്രവര്‍ത്തനം ആസൂത്രണം ചെയ്യുക പതിവില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
13-06-2022 ല്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാനും കയ്യേറ്റം ചെയ്യാനും ശ്രമിച്ചതുമായ ഒരു സംഭവമുണ്ടായിട്ടുണ്ട്. അക്രമികളെ തടഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ അംഗരക്ഷകനായ എസ് അനില്‍കുമാര്‍, പേഴ്സണല്‍ അസിസ്റ്റന്റ് വി എം സുനീഷ് എന്നിവര്‍ക്ക് പരിക്കു പറ്റി. സംഭവത്തില്‍ തിരുവനന്തപുരം വലിയതുറ പോലീസ് സ്റ്റേഷനില്‍ ക്രൈം നം. 511/2022 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരികയാണ്. മൂന്നു പ്രതികളെ അറസ്റ്റു ചെയ്തിട്ടുമുണ്ട്. പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥന്മാരോടോ, കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതി മുമ്പാകയോ തങ്ങളെ ആരെങ്കിലും അക്രമിച്ചതായി പരാതിയും പറഞ്ഞിട്ടില്ല.
എന്നാൽ തുടര്‍നടപടികളില്‍ നിന്നും ഒഴിവാക്കപ്പെടുന്നതിനും, കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനും വേണ്ടി പ്രതികള്‍ ദിവസങ്ങള്‍ക്കുശേഷം തങ്ങളെ ആക്രമിച്ചുവെന്ന് പറഞ്ഞുകൊണ്ട് ഒരു പരാതി നല്കുകയാണുണ്ടായത്. പരാതി സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ട്. വസ്തുതകള്‍ക്ക് വിരുദ്ധമായ കാര്യങ്ങളായതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്കു പുറമെ വിമാനത്തിനകത്തുള്ള സംഭവമാകയാല്‍ സിവിൽ എവിയേഷൻ നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. ഈ നിയമം അനുസരിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ഓടിയടുക്കുന്ന അക്രമികളെ സദുദ്ദേശ്യത്തോടെ തടഞ്ഞവര്‍ക്കെതിരായി യാതൊരുവിധ നിയമനടപടികളും നിലനില്‍ക്കുന്നതല്ല .
വളരെ ആസൂത്രിതമായാണ് ഇത്തരമൊരു സംഭവം വിമാനത്തില്‍വെച്ച് നടത്തുവാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാര് പദ്ധതിയിട്ടത് എന്നാണ് അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പ് ഉപയോഗിച്ചാണ് അക്രമപരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടുള്ളതെന്നും ഒരു മുന്‍ എം എല്‍ എ കൂടിയായ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹി ‘CM കണ്ണൂര്‍ – TVM ഫ്ളൈറ്റില്‍ വരുന്നുണ്ട്. രണ്ടുപേര്‍ ഫ്ളൈറ്റില്‍ കയറി കരിങ്കൊടി കാണിച്ചാല്‍… എന്തായാലും ഫ്ളൈറ്റില്‍ നിന്നും പുറത്തിറക്കാന്‍ കഴിയില്ലല്ലോ’ എന്ന് ആഹ്വാനം ചെയ്യുകയും തുടര്‍ന്ന് ഒരാള്‍ക്ക് 13,000 രൂപയോളം ചാര്‍ജ്ജു വരുന്ന ടിക്കറ്റ് മൂന്നു പേര്‍ക്കുവേണ്ടി സ്പോണ്‍സറെ നിശ്ചയിച്ച് സംഘടിപ്പിക്കുകയും ചെയ്തു.
വിമാനയാത്രക്കാര്‍ക്കു വേണ്ടി പൊതുവിലും മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളെയും കബളിപ്പിച്ചുകൊണ്ട് അക്രമം നടത്താനുള്ള ലക്ഷ്യത്തോടുകൂടി അക്രമികള്‍ വിമാനത്തില്‍ കയറുകയാണുണ്ടായത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം അക്രമികള്‍ മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ചുകൊണ്ട് സീറ്റില്‍ നിന്നും എഴുന്നേറ്റ് മുന്നോട്ടു കുതിക്കാന്‍ ശ്രമിച്ചപ്പോള്‍ എയര്‍ഹോസ്റ്റസുമാര്‍ വിലക്കിയെങ്കിലും അതിനെ വകവയ്ക്കാതെ മുഖ്യമന്ത്രിക്കു നേരെ ഇവര്‍ നീങ്ങുകയാണുണ്ടായത്.
വിമാനത്തില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാരാകെ ഭയപ്പാടോടെയാണ് ഈ സംഭവത്തെ നോക്കിക്കണ്ടത്. ഈ സമയത്ത് മുന്‍മന്ത്രിയും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ പി ജയരാജന് മുഖ്യമന്ത്രിക്കു നേരെ പാഞ്ഞടുക്കുന്ന അക്രമികളെ തടയാന്‍ ശ്രമിച്ചു. അതും മറികടന്ന് മുഖ്യമന്ത്രിക്കു നേരെ ഓടിയടുത്ത അക്രമികളെ ജയരാജനും മുഖ്യമന്ത്രിയുടെ ഗണ്‍മാനും മറ്റും അവസരോചിതമായി ഉയര്‍ന്ന് അക്രമികളെ തടഞ്ഞതുകൊണ്ടു മാത്രമാണ് മുഖ്യമന്ത്രിക്കു നേരെ മറ്റ് അനിഷ്ടസംഭവങ്ങള്‍ നടക്കാതിരുന്നത്.
വിമാനയാത്രക്കിടയില്‍ ആസൂത്രിതമായി അക്രമികളെ വിമാനത്തില്‍ കയറ്റിയാല്‍, എത്ര സെക്യൂരിറ്റിയുള്ള ആളായാലും അവരെ അപകടപ്പെടുത്താന്‍ ശ്രമിച്ചാല്‍, വിമാന ജീവനക്കാര്‍ക്ക് അത് പ്രതിരോധിക്കാന്‍ യാതൊരു സംവിധാനവും നിലവിലില്ലാത്തതാണ്. അതുകൊണ്ടുതന്നെയാണ് വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റു ചെയ്ത ആഹ്വാനത്തില്‍ ‘എന്തായാലും ഫ്ളൈറ്റില്‍ നിന്നും പുറത്തിറക്കാന്‍ കഴിയില്ലല്ലോ’ എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളത് എന്നാണ് അനുമാനിക്കാന്‍ കഴിയുക. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഗൂഢാലോചന നടത്തിയവരുടെയും അക്രമികളുടെയും പദ്ധതിയാണ് ഇത് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയെ വിമാനത്തില്‍ നിന്നും പുറത്തിറക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുക എന്ന പദ്ധതിയാണ് ഈ മെസേജിലൂടെ ഇവര്‍ ആസൂത്രണം ചെയ്തത്. ശേഷം ഉള്ള കാര്യങ്ങള്‍ അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതാണ്.
ജനാധിപത്യ സംവിധാനത്തിനകത്തു പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയും ഇത്തരമൊരു ഭീകരപ്രവര്‍ത്തനം ആസൂത്രണം ചെയ്യുക പതിവില്ല. പദ്ധതി ആസൂത്രണം ചെയ്ത യൂത്ത് കോണ്‍ഗ്രസും അതിനെ ന്യായീകരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വവും ജനാധിപത്യ സംവിധാനങ്ങളെയാകെ അട്ടിമറിക്കുകയാണ് ചെയ്യുന്നത്.
ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ഇന്‍ഡിഗോ വിമാന കമ്പനിയുടെ ആഭ്യന്തര അന്വേഷണ സമിതി 16.07.2022 ന് പുറപ്പെടുവിച്ച ഉത്തരവ്, നിയമാനുസൃതം, സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ വാദങ്ങളും തെളിവുകളും കേള്‍ക്കാതെയാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇന്‍ഡിഗോ വിമാന കമ്പനിയുടെ ആഭ്യന്തര അന്വേഷണ സമിതി കൈക്കൊണ്ടിട്ടുള്ളതെന്ന ആക്ഷേപവും ഉയര്‍ന്നുവന്നിട്ടുണ്ട്.
ഇന്‍ഡിഗോ യാത്രാവിമാന കമ്പനി തങ്ങളുടെ യാത്രക്കാര്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും നല്കുന്നതില് പരാജയപ്പെടുകയും, അക്രമികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതും വിമാനയാത്രയിലെ സുരക്ഷിതത്വത്തിന് അപകടമുണ്ടാക്കുന്ന കാര്യമാണ്. മുഖ്യമന്ത്രി വിശദീകരിച്ചു.