ജിദ്ദ> ദ്വിദിന ഔദ്യോഗിക സൗദി സന്ദര്‍ശനത്തിനായി ജിദ്ദയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് സല്മാന് രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വിവിധ വിഷയങ്ങളില്‍ നിരവധി കരാറുകളില്‍ ഒപ്പുവെച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് പ്രസ്താവിച്ചു. ആഗോള ഊര്‍ജ സുരക്ഷയും ആവശ്യത്തിന് എണ്ണ വിതരണവും ഉറപ്പാക്കാന്‍ റിയാദിന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്തതായി ജിദ്ദയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ജോ ബൈഡന് പറഞ്ഞു.
പ്രാദേശിക രാഷ്ട്രീയ, സാങ്കേതിക, യാത്രാ സംബന്ധിയായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന, ഇരു രാജ്യങ്ങളും ഒപ്പിട്ട നിരവധി കരാറുകള്‍ പ്രസിഡന്റ് പരാമര്‍ശിച്ചു. അംഗരാജ്യങ്ങളായ സൗദി അറേബ്യയും കുവൈത്തും മുഖേന ആറ് രാജ്യങ്ങളുടെ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഇലക്ട്രിക് ഗ്രിഡ് ഇറാഖുമായി ബന്ധിപ്പിക്കുന്നതിനുള്ള കരാറും ഇതില്‍ ഉള്‍പ്പെടുന്നു.
യെമനില്‍, ഏപ്രില്‍ മുതല്‍ തുടരുന്ന വെടിനിര്‍ത്തല്‍ ശക്തിപ്പെടുത്തുന്നതിനും നീട്ടുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ വാഷിംഗ്ടണും റിയാദും സമ്മതിച്ചതായി അദ്ദേഹം പറഞ്ഞു.
2017ല്‍ ഉടമസ്ഥാവകാശം ഈജിപ്ത് സൗദിക്ക് കൈമാറിയിരുന്ന സൗദിക്കും ഈജിപ്തിനുമിടക്ക് ചെങ്കടലിലുള്ള തിറാന്‍, സനാഫീര്‍ ദ്വീപുകളില്‍ നിന്ന് ഈ വര്‍ഷാവസാനത്തോടെ യുഎസ് സൈനികര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമാധാന സേനാംഗങ്ങള്‍ വിട്ടുപോകുമെന്നതാണ് മറ്റൊരു കരാര്‍.
സാങ്കേതിക വിദ്യയില്‍, ”മനുഷ്യ ബഹിരാകാശ യാത്ര, ഭൗമ നിരീക്ഷണം, വാണിജ്യ, നിയന്ത്രണ വികസനം, ബഹിരാകാശത്ത് ഉത്തരവാദിത്തമുള്ള പെരുമാറ്റം എന്നിവയുള്‍പ്പെടെയുള്ള ബഹിരാകാശ പര്യവേക്ഷണം” എന്നിവയില്‍ ഇരു രാജ്യങ്ങളും തങ്ങളുടെ സഹകരണം വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി ബൈഡന് പറഞ്ഞു.
സൗദി ടെക്നോളജി സ്ഥാപനങ്ങള്‍ക്ക് 6ജി സെല്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനൊപ്പം പ്രാദേശികമായി ഓപ്പണ്‍, വെര്‍ച്വലൈസ്ഡ്, ക്ലൗഡ് അധിഷ്ഠിത റേഡിയോ ആക്സസ് നെറ്റ്വര്ക്കുകള് വഴി യുഎസില്‍ നിന്ന് 5ജി സാങ്കേതികവിദ്യ സ്വീകരിക്കാന്‍ കഴിയുമെന്നും ബൈഡന് വ്യക്തമാക്കി.
സാമ്പത്തിക പരിവര്‍ത്തനത്തിനും സാമൂഹിക പരിഷ്ക്കരണങ്ങള്ക്കുമുള്ള രാജ്യത്തിന്റെ തന്ത്രപരമായ പദ്ധതിയെയും സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും മതാന്തര സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളെയും പ്രതിനിധീകരിക്കുന്ന കിംഗ്ഡം വിഷന്‍ 2030-നെ അമേരിക്ക സ്വാഗതം ചെയ്തു.