സിനിമാ താരമായ പ്രതാപ് പോത്തന്റെ നിരവധി ചിത്രങ്ങൾ പലരും കണ്ടിട്ടുണ്ടാകും. എന്നാൽ നടനല്ലാത്ത പ്രതാപ് പോത്തന്റെ കുട്ടിക്കാലത്തെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് ദൂരദർശൻ പ്രോഗ്രാം ഹെഡായിരുന്ന ബൈജു ചന്ദ്രൻ. പ്രതാപ് പോത്തന്റെ ജ്യേഷ്ഠ സഹോദരി നാൽപതുകളിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മീറ്റിംഗുകളിൽ ആവേശത്തോടെ വിപ്ലവ ഗാനമാലപിക്കുന്ന ചിത്രവും ഒപ്പമുണ്ട്. പ്രതാപ് പോത്തനെ ഓർമ്മിക്കുന്നതിലൂടെ ചരിത്രത്തിലേക്ക് ഒരു ജാലകം തുറക്കുകയാണെന്ന് ബൈജു കുറിപ്പിൽ പറയുന്നു…
ഞങ്ങളുടെ തലമുറ യുടെ “കൾട്ട്’ നായകൻ എന്ന് തീർച്ചയായും വിശേഷിപ്പിക്കാവുന്ന പ്രതാപ് പോത്തനെ ആദ്യം കാണുന്നത് ഭരതന്റെ ആരവ’ത്തിലാണ്.എപ്പോഴും രണ്ടു കൈകളിലും കോഴിയെയും കൊണ്ടുനടക്കുന്ന, കെ പി എ സി ലളിതയുടെ ഭർത്താവായ ‘കൊക്കരക്കോ’ എന്ന വിചിത്ര കഥാപാത്രം നെടുമുടിയുടെ മരുതിന്റെ നിഴലിൽ മങ്ങിപ്പോയെങ്കിലും ആ കൂർത്ത നാസികയും വലിയ പോള കളോടു കൂടിയ കണ്ണുകളുമുള്ള മുഖം മനസ്സിൽ പതിഞ്ഞുകിടന്നു.’തകര’യ്ക്ക് തൊട്ടു പിന്നാലെ, ശോഭയുടെ നായകനായി ‘അഴിയാത കോല’ങ്ങളും മനോവിഭ്രാന്തിയുള്ള കൊലപാതകിയുടെ വേഷത്തിൽ ‘മൂടു പാനി’യും എത്തി.(ശോഭയുടെ കാമുകനായി അഭിനയിക്കുന്നത് കൊണ്ട് കടുത്ത അസൂയയും രണ്ടാമത്തെ പടത്തിൽ ശോഭയെ കൊല്ലാൻ ശ്രമിക്കുന്നത് കൊണ്ട് അസഹ്യമായ ദേഷ്യവും തോന്നി എന്ന സത്യം പ്രത്യേകം ഓർമ്മിക്കുന്നു!).
അതിനു പിറകേ,പത്മരാജന്റെ മികച്ച തിരക്കഥകളിലൊന്നായ ‘നവംബറിന്റെ നഷ്ട’വും ഭരതന്റെ ‘ചാമര’വും അധികമാരും കാണാതെ പോയ ഐ വി ശശിയുടെ (വീണ്ടും പത്മരാജന്റെ തിരക്കഥ)’കൈകേയി’യും.1980 കളുടെ തുടക്കത്തിൽ കുറച്ചു കാലത്തേക്കെങ്കിലും യുവ തലമുറയുടെ പ്രിയപ്പെട്ട നായകൻ പ്രതാപ് പോത്തൻ തന്നെയായിരുന്നു. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ സിനിമാ ന ടനായ പ്രതാപ് പോത്തന്റേതല്ല.പ്രതാപ് പോത്തനെ ഓർമ്മിക്കുന്നതിലൂടെ ചരിത്രത്തിലേക്ക് ഒരു ജാലകം തുറക്കുകയാണ്.
1940 കളിൽ കടുത്ത കമ്മ്യൂണിസ്റ്റും അൻപതു കളിലും അറുപതു കളിലും അതിനേക്കാളും കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധനുമായിരുന്ന ഉഗ്രപ്രതാപിയായ കുളത്തുങ്കൽ പോത്തൻ തന്റെ ഇളയ പുത്രനായ പ്രതാപിനെ മടിയിൽ ഇരുത്തി ക്യാമറയ്ക്ക് പോസ് ചെയ്യുന്നതാണ് ആദ്യത്തേത്. പ്രതാപിന്റെ മൂത്ത സഹോദരൻ ഹരിപ്പോത്തനെയും സുപ്രിയ എന്ന ബാനറിൽ അദ്ദേഹം നിർമ്മിച്ച അശ്വമേധം, തുലാഭാരം, നദി, കരകാണാക്കടൽ തുടങ്ങിയ മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളെയും ഓർമ്മിക്കാം. മൂത്ത ജ്യേഷ്ഠനും വ്യവസായിയുമായ മോഹൻ പോത്തൻ പിതാവിനോടൊപ്പം കേരളാ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ജനനത്തിലും വളർച്ചയിലും നിർണ്ണായക പങ്കുവഹിച്ചു. രണ്ടാമത്തെ ചിത്രം നാല്പതുകളിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മീറ്റിംഗുകളിൽ ആവേശത്തോടെ വിപ്ലവ ഗാനമാലപിക്കുന്ന പെൺകുട്ടി, പ്രതാപ് പോത്തന്റെ ജ്യേഷ്ഠ സഹോദരിയാണ്. പ്രസിദ്ധ ഫോട്ടോഗ്രാഫർ ജേക്കബ് ഫിലിപ്പ് എടുത്ത ചിത്രം.