കണ്ണൂർ > ‘ശമ്പളമില്ലാത്തതിനാൽ കൂലിപ്പണി’യെന്ന വ്യാജ വാർത്ത പൊളിഞ്ഞപ്പോൾ ഉരുണ്ടുകളിയുമായി മനോരമ. മന്ത്രിയുടെ സഭയിലെ മറുപടി വിവാദത്തിൽ എന്നാണ് മനോരമ വെള്ളിയാഴ്ചത്തെ വിശദീകരണം. സ്വന്തം സഹോദരന്റെ വീടുനിർമ്മാണത്തിന് സഹായിച്ചതിനെ ശമ്പളമില്ലാത്തതിനാൽ പഞ്ചായത്ത് ജീവനക്കാരൻ കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്നുവെന്ന വ്യാജനാക്കിയത് പൊളിഞ്ഞപ്പോഴാണ് പുതിയ വിവാദ സൃഷ്ടി.
മലപ്പട്ടം പഞ്ചായത്ത് ജീവനക്കാരൻഎം വി ബാബുവിന്റെ പേരിലാണ് മനോരമ വ്യാജവാർത്ത സൃഷ്ടിച്ചത്. ഇയാൾ സഹോദരൻ അനീഷിന്റെ വീട്ടിൽ നടത്തിയ സന്നദ്ധ പ്രവർത്തനത്തെ ശമ്പളമില്ലാത്തതിനാൽ കൂലിപ്പണിയെന്ന നിലയിൽഅവതരിപ്പിച്ചു. സഹോദരന്റെ വീട്ടിലാണ് വാർക്കപ്പണി ചെയ്തതെന്ന വിവരം മനോരമ ബോധപൂർവം മൂടിവെച്ചു. ഇതാണ് തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ തുറന്നുകാട്ടിയത്.
ശമ്പളം കിട്ടാത്തതിനാൽ ഉപജീവനത്തിന് മറ്റുമാർഗമില്ലാത്തതിനാലാണ് കൂലിപ്പണിയെന്ന നുണയുെം പൊളിഞ്ഞു. ബാബുവിന്റെ ഭാര്യ അധ്യാപികയാണ്. ജൂലൈയിലും കൃത്യമായി ശമ്പളം വാങ്ങിയിട്ടുണ്ട്. ബാബുവിനാകട്ടെ ജൂണിലെ ശമ്പളം മാത്രമാണ് ഒരാഴ്ച വൈകിയത്. ഇതിനെയാണ് മനോരമ ദാരി്ദ്ര്യവും പട്ടിണിയുമായി വ്യാഖ്യാനിച്ചത്. ഈ നുണയും പൊളിഞ്ഞപ്പോഴാണ് മനോരമ മന്ത്രിയുടെ മേക്കിട്ട് കയറി തടിയൂരാൻ നോക്കുന്നത്. തങ്ങൾ വാർത്ത കൊടുത്തതുകൊണ്ടാണ് ജീവനക്കാർക്ക് ശമ്പളം കിട്ടിയതെന്നാണ് പുതിയ അവകാശ വാദം. അതേസമയം, സഹോദരന്റെ വീട്ടിൽ സഹായിക്കുന്ന ചിത്രമാണ് വളച്ചൊടിച്ചതെന്നതും ഭാര്യ അധ്യാപികയാണെന്നതും മനോരമ മിണ്ടുന്നില്ല.
ശമ്പളമില്ലാത്തിനാൽ ജീവനക്കാർ മറ്റ് ജോലികൾക്ക് പോയിരുന്നതായി സംഘടനകൾ പറഞ്ഞുവെന്നാണ് വിശദീകരണം. അതാകട്ടെ കോൺഗ്രസ് സംഘടന കെജിഒയു ജില്ലാ കമ്മിറ്റിയുടെ പേരിലും. ജില്ലാ കമ്മിറ്റി ഏഴിന് മന്ത്രിക്ക് നിവേദനം നൽകിയെന്നും അതിലുണ്ട്. അതിനർഥം അവർ നൽകിയ വിവരം വെച്ചാണ് എട്ടിന്റെ പത്രത്തിൽ നുണവാർത്ത പടച്ചുവിട്ടതെന്ന് വ്യക്തം. അതേസമയം, പഞ്ചായത്തിലെ മറ്റൊരു ജീവനക്കാരനും വേറെ വരുമാന മാർഗം തേടി പോയിട്ടില്ല. എന്നിട്ടും അങ്ങനെ പോയെന്ന് കോൺഗ്രസ് അനുകൂല സംഘടനയും മനോരമയും പ്രചരിപ്പിക്കുന്നതും ഗൂഢലക്ഷ്യത്തോടെ മാത്രമാണ്.