തിരുവനന്തപുരം
ആർഎസ്എസ് വോട്ട് വാങ്ങിയത് ആരാണെന്ന് പ്രതിപക്ഷ നേതാവ് സ്വന്തം മനസ്സാക്ഷിയോട് ചോദിക്കുന്നത് നന്നാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുമ്പിൽ താണുവണങ്ങിയതിന്റെ കഥ പറയുന്നില്ല. ‘77ൽ സിപിഐ എമ്മിന് ആർഎസ്എസ് ബന്ധം’ എന്ന് ചരിത്രബോധമില്ലാത്തവർക്കേ പറയാനാകൂ.1960ലെ തെരഞ്ഞെടുപ്പിൽ നാലു നിയമസഭാ സീറ്റിൽ മത്സരിക്കാനാണ് ജനസംഘം തീരുമാനിച്ചത്.
പട്ടാമ്പിയിൽ പി മാധവമേനോനെ മത്സരിപ്പിക്കാൻ തീരുമാനിച്ച അവർ സജീവ പ്രചാരണം തുടങ്ങിയശേഷം പിന്മാറി. ഇ എം എസിനെ തോൽപ്പിക്കാനായിരുന്നു അത്. അന്ന് ജനസംഘം പരസ്യമായാണ് കോൺഗ്രസിനെ പിന്തുണച്ചത്. 1977ലെ തെരഞ്ഞെടുപ്പിൽ ആർഎസ്എസിന്റെ വോട്ട് വാങ്ങിയാണ് ഞാൻ നിയമസഭയിൽ എത്തിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഞാൻ നിയമസഭയിൽ എത്തിയത് 77ൽ അല്ല. അതിനും ഏഴു വർഷംമുമ്പാണ്. അന്ന് കോൺഗ്രസിനെയും ജനസംഘത്തെയും പരാജയപ്പെടുത്തിയാണ് കൂത്തുപറമ്പിൽനിന്ന് ജയിച്ചത്.
1977ലും മത്സരിച്ചത് കൂത്തുപറമ്പിലാണ്. തലശേരി കലാപത്തിലെ രക്തസാക്ഷി യു കെ കുഞ്ഞിരാമന്റെ നാടാണ് കൂത്തുപറമ്പ്. കുഞ്ഞിരാമനെ കൊന്നത് 1972 ജനുവരിയിലാണ്. ആർഎസ്എസ് ഏറ്റവും കടുത്ത ശത്രുവായി സിപിഐ എമ്മിനെ അന്നും ഇന്നും കാണുന്ന നാടാണത്.
അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടത്തിന്റെ മുന്നിലുണ്ടായിരുന്ന സിപിഐ എം അന്ന് മുഖ്യ പ്രതിപക്ഷമായ ജനതാ പാർടിയുമായി ദേശീയതലത്തിൽ സഹകരിച്ചിട്ടുണ്ട്. ആ സഹകരണം ജനസംഘവുമായി ആയിരുന്നില്ല. സിപിഐ എം സഹകരിച്ചത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള ജനതാ പാർടിയുമായാണ്. ആർഎസ്എസിനെ എല്ലാക്കാലത്തും തുറന്നെതിർക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.
അടിയന്തരാവസ്ഥക്കാലത്ത് കെ സുധാകരൻ ജനതാ പാർടിയുടെ യുവജനവിഭാഗം സംസ്ഥാന ഭാരവാഹിവരെയായി. ഒരു പാർടിയിൽ ഒന്നിച്ചു പ്രവർത്തിച്ചവർക്ക് പിന്നെയും ഒന്നിക്കാൻ മടിയില്ല എന്നാണ് ഇപ്പോഴും തെളിയിക്കുന്നത്. 1977ൽ കെ ജി മാരാർ ഉദുമയിൽ മത്സരിച്ചപ്പോൾ കെ സുധാകരൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയായിരുന്നു. ആർഎസ്എസും കെ സുധാകരനും ഒരു പാർടിയായിരുന്നു.
ആർഎസ്എസ് ബന്ധം നിങ്ങളെ നയിക്കുന്നവർക്കാണ്. അതുകൊണ്ട് ആർഎസ്എസിനെ എന്നോട് കൂട്ടിക്കെട്ടണ്ട. കെട്ടേണ്ടവരും കെട്ടിപ്പിടിച്ചുനിൽക്കുന്നവരും അവിടെയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.