കൊളംബോ
നാളുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്സെ രാജിവച്ചു. മാലദ്വീപിൽനിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ വ്യാഴാഴ്ച സിംഗപ്പൂരിൽ എത്തിയ രജപക്സെ രാജിക്കത്ത് സ്പീക്കർ മഹിന്ദ അബെവർധനക്ക് ഇ–- മെയിൽ ചെയ്യുകയായിരുന്നു. ഔദ്യോഗികമായി സ്വീകരിക്കുന്നതിന് മുന്നോടിയായി നിയമവശങ്ങൾ പരിശോധിക്കാൻ രാജിക്കത്ത് അറ്റോർണി ജനറലിന് അയച്ചു. രാജിവാർത്ത പുറത്തുവന്നതോടെ ശ്രീലങ്കൻ തെരുവുകളിൽ ആഹ്ലാദം നിറഞ്ഞു. പടക്കം പൊട്ടിച്ചും പരസ്പരം ആലിംഗനം ചെയ്തും പ്രക്ഷോഭകർ സമരവിജയം ആഘോഷിച്ചു.
ഗോതബായക്ക് സ്വകാര്യ സന്ദർശനത്തിനാണ് അനുമതി നൽകിയതെന്നും അദ്ദേഹം അഭയം ആവശ്യപ്പെട്ടിട്ടില്ലെന്നും സിംഗപ്പൂർ വിദേശ മന്ത്രാലയം പ്രതികരിച്ചു. രാത്രി ഏഴിനാണ് മാലയിൽനിന്ന് ഗോതബായയും സംഘവുമായി എസ്വി 788 വിമാനം സിംഗപ്പൂർ ചാങ്കി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.