തിരുവനന്തപുരം> സംസ്ഥാനത്ത് വാനരവസൂരി സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാനരവസൂരി വ്യാപനം തടയുന്നതിനായി സംസ്ഥാനം എല്ലാ മുന്‍കരുതലും സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊതുജനം ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകളുടെ പൂര്‍ണ രൂപം
സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുകയാണ്. യുഎഇയില്‍ നിന്നും വന്ന യാത്രക്കാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കാണിച്ച സമയത്ത് തന്നെ മുന്‍കരുതലുകളുടെ ഭാഗമായി അദ്ദേഹത്തെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. രോഗിയുടെ നില തൃപ്തികരമാണ്.
മങ്കിപോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തി നിരീക്ഷണം ശക്തമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. എല്ലാവരും ആരോഗ്യ വകുപ്പ് നല്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. എല്ലാവരും മാസ്ക് ധരിക്കുന്നതും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുന്നതും ശീലമാക്കണം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കോവിഡിനെ പോലെ മങ്കിപോക്സിനേയും നമുക്ക് പ്രതിരോധിക്കാനാകും.