കൊച്ചി> കേന്ദ സര്‍ക്കാരിന്റെ യാഥാര്‍ഥ മുഖം തുറന്നുകാട്ടുന്ന വാക്കുകള്‍ വിലക്കുന്നത് ആരെ സംരക്ഷിക്കാനാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ജനാധിപത്യം നേര്‍ത്ത് നേര്‍ത്ത് വരുന്നു എന്ന അനുമാനങ്ങള്‍ക്കാണ് ഈ ഏകപക്ഷീയ നിലപാടുകള്‍ അടിവരയിടുന്നതെന്നും ബ്രിട്ടാസ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനത്തെ വിശേഷിപ്പിക്കാന്‍ പ്രതിപക്ഷം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പദമാണ് ജുംല. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരവും നാടകീയതയും ഉദ്ദേശിച്ചുകൊണ്ടാണ് ഈ പദപ്രയോഗം മോദിക്ക് നേരെ തൊടുത്തുവിട്ടിരുന്നത്. അണ്‍പാര്‍ലമെന്ററി പദങ്ങളുടെ പട്ടികയില്‍ ഇനി ജുംലയും ഉള്‍പ്പെടും.
കഴിഞ്ഞദിവസം ലോക്സഭാ സെക്രട്ടറിയേറ്റ് വിചിത്രമായ ഒരു സര്‍ക്കുലര്‍ ഇറക്കി. അഴിമതിക്കാരന്, അരാജകവാദി, കുരങ്ങന്, കോവിഡ് വാഹകന്, കുറ്റവാളി, മുതലക്കണ്ണീര്, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവന്, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉള്‍പ്പെടെ 65 വാക്കുകള്‍ക്ക് പാര്‍ലമെന്റില്‍ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലറായിരുന്നു അത്.
ലോക്സഭാ സെക്രട്ടേറിയറ്റ് ഇരുസഭകള്‍ക്കും അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക കൈമാറി. തിങ്കളാഴ്ച ആരംഭിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് പട്ടിക പുറത്തിറക്കിയത്. പാര്‍ലമെന്റിലെ ചര്‍ച്ചക്കിടെ പ്രസ്തുത വാക്കുകള്‍ ഉപയോഗിച്ചാല്‍ നീക്കംചെയ്യും. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതില്‍ രാജ്യസഭാ ചെയര്‍മാനും ലോക്സഭാ സ്പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്- ബ്രിട്ടാസ് വ്യക്തമാക്കി