ബത്തേരി > വാകേരിയിൽ ഭീതിപരത്തി വീണ്ടും കടുവയുടെ സാന്നിധ്യം. നൂറ്റമ്പതോളംപേർ തൊഴിലെടുക്കുന്ന ഏദൻവാലി എസ്റ്റേറ്റിലാണ് ചൊവ്വ വൈകീട്ട് ആറരയോടെ കടുവയെ കണ്ടത്. എസ്റ്റേറ്റുടമ അഡ്വ. ജിത്തിന്റെ വളർത്തുനായയെ കടുവ കടിച്ചുകൊണ്ടുപോയി ഭക്ഷിച്ചു. പരിസരത്ത് കടുവ കടിച്ചുകൊന്ന മാനിന്റെ ജഡവും കണ്ടെത്തി.
ഒരാഴ്ചമുമ്പും ഇവിടെ കടുവയെ കണ്ടിരുന്നു. വളർത്തുനായയെ കടുവ കടിച്ചുകൊല്ലുന്ന ദൃശ്യം എസ്റ്റേറ്റുടമയുടെ വീട്ടിലെ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞ് ചെതലയം ഡെപ്യൂട്ടി റെയിഞ്ചറുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്ത് പരിശോധന നടത്തി. നിറയെ കാപ്പിയും ഏലവും കൃഷിയുള്ളതാണ് ഏദൻവാലി എസ്റ്റേറ്റ്. കടുവശല്യം നിമിത്തം എസ്റ്റേറ്റിൽ ഭീതിയോടെയാണ് തൊഴിലാളികൾ തൊഴിലെടുക്കുന്നത്. കടുവയെ കൂടുവച്ച് പിടികൂടാൻ അടിയന്തിര നടപടികൾ വേണമെന്ന് വയനാട് എസ്റ്റേറ്റ് ലേബർ യൂണിയൻ (സിഐടിയു) വാകേരി യൂണിറ്റ് ആവശ്യപ്പെട്ടു.