കൊച്ചി
നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായുള്ള ഫോറൻസിക് പരിശോധനാഫലം തുടരന്വേഷണത്തിൽ നിർണായക വഴിത്തിരിവാകും. കോടതിയുടെ കസ്റ്റഡിയിലിരുന്ന ഫോണിലെ മെമ്മറികാർഡ് അനധികൃതമായി തുറന്നതെങ്ങനെ എന്ന് അന്വേഷിക്കേണ്ടിവരും. കാർഡിലെ ദൃശ്യങ്ങൾ പുറത്തുപോയിട്ടുണ്ടോ എന്നതും അന്വേഷിക്കും.
ദിലീപിന്റെ കൈയിൽ ദൃശ്യങ്ങളുള്ളതായി സംവിധായകൻ ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. കാർഡിലെ വിവരങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ എട്ടാംപ്രതി നടൻ ദിലീപിലേക്ക് സംശയമുന നീളാം. 2017 ഫെബ്രുവരി 18ന് അവസാനമായി ഔദ്യോഗികമായി പരിശോധിച്ച മെമ്മറി കാർഡ് 2018 ഡിസംബർ 13നും അതിനുമുമ്പ് പലതവണ അനധികൃതമായി തുറന്നതായി തിരുവനന്തപുരം ഫോറൻസിക് ലാബ് ജോയിന്റ് ഡയറക്ടറാണ് ആദ്യം വെളിപ്പെടുത്തിയത്. ദിലീപിന്റെ ആവശ്യപ്രകാരം തനിപകർപ്പ് (ക്ലോൺഡ് കോപ്പി) എടുക്കാൻ ലാബിൽ എത്തിച്ചപ്പോഴായിരുന്നു കണ്ടെത്തൽ. 2020 ജനുവരി പത്തിനാണ് എത്തിച്ചത്. 2020 ജനുവരി 20ന് ഈ റിപ്പോർട്ട് പ്രത്യേക ദൂതൻവഴി വിചാരണക്കോടതിക്ക് കൈമാറി. 2022 ഫെബ്രുവരിയിലാണ് ക്രൈംബ്രാഞ്ചിന് ഈ റിപ്പോർട്ട് ലഭിച്ചത്. തുടർന്ന് മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ഏപ്രിൽ നാലിന് ആവശ്യപ്പെട്ടു. മെയ് ഒമ്പതിന് വിചാരണക്കോടതി ആവശ്യം നിരസിച്ചു. പ്രോസിക്യൂഷൻ ഇതേ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചു. ജൂലൈ അഞ്ചിനാണ് മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ദൃശ്യങ്ങൾ പകർത്തിയത്
3 മിനിറ്റിൽ
അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ 2017 ഫെബ്രുവരി ഇരുപത്തഞ്ചിനാണ് മെമ്മറി കാർഡ് ആദ്യമായി ഹാജരാക്കിയത്. തുടർന്ന് 2017 ഫെബ്രുവരി 27ന് ഫോറൻസിക് പരിശോധന നടത്തി. റിപ്പോർട്ട് 2017 മാർച്ച് മൂന്നിന് ലഭിച്ചു. ഈ റിപ്പോർട്ടിൽ 2017 ഫെബ്രുവരി 17ന് രാത്രി 10.30നും 10.48നുമാണ് ദൃശ്യങ്ങൾ റെക്കോഡ് ചെയ്തതെന്ന് കണ്ടെത്തി. പിറ്റേന്ന് രാവിലെ 9.18 മുതൽ മൂന്ന് മിനിറ്റുകൊണ്ട് ദൃശ്യങ്ങൾ മെമ്മറി കാർഡിലേക്ക് പകർത്തിയെന്നും വ്യക്തമായിരുന്നു.
കൂടുതൽ സമയം ആവശ്യപ്പെട്ട്
ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് മൂന്നാഴ്ചകൂടി നീട്ടിച്ചോദിച്ച് ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധനാഫലം പുറത്തുവന്ന സാഹചര്യത്തിലാണ് വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് കാണിച്ച് അന്വേഷകസംഘം കോടതിയെ സമീപിച്ചത്. തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം 15ന് തീരുന്നതുകൂടി കണക്കിലെടുത്താണിത്.
അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് അതിജീവിത
ഗൗരവമുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ സൂക്ഷിക്കണമെന്ന് അതിജീവിതയോട് ഹൈക്കോടതി. ഉത്തരവാദിത്വത്തോടെ മാത്രമേ ആരോപണം ഉന്നയിക്കാവൂവെന്ന് അതിജീവിതയുടെ അഭിഭാഷകയെ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ഓർമിപ്പിച്ചു. നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. കേസ് ഇല്ലാതാക്കാൻ രാഷ്ട്രീയ ഇടപെടൽ നടക്കുകയാണെന്നും കോടതിയുടെ മേൽനോട്ടം വേണമെന്നും ഹർജിയിൽ ആരോപിച്ചു.
ഗുരുതരവും അനാവശ്യവുമായ ആരോപണമാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളതെന്ന് കോടതി പറഞ്ഞു. അതേക്കുറിച്ച് ബോധ്യമുണ്ടാകണം. ആരോപണങ്ങൾ ആവശ്യമുള്ളതാണെങ്കിലും അല്ലെങ്കിലും പിന്നീട് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.
മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം വന്നതായി മാധ്യമങ്ങളിൽനിന്ന് അറിഞ്ഞെന്നും കോപ്പി കിട്ടിയിട്ടില്ലെന്നും അതിജീവിത അറിയിച്ചു. മെമ്മറി കാർഡിന്റെ പരിശോധനാഫലവുമായി കേസിന് ബന്ധമില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.