തിരുവനന്തപുരം
കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഒ കെ രാംദാസ് (74) അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്തിരുനാൾ ആശുപത്രിയിൽ ബുധൻ രാവിലെ 7.30ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് പകൽ 12ന് കണ്ണൂർ പയ്യാമ്പലത്ത്. തിരുവനന്തപുരം ജഗതിയിലുള്ള അപ്പാർട്ട്മെന്റിലായിരുന്നു താമസം.
ഓപ്പണറായിരുന്ന രാംദാസ് 1968–-1981 കാലത്തായി 35 രഞ്ജി ട്രോഫി മത്സരങ്ങൾ കേരളത്തിനായി കളിച്ചു. 11 അർധശതകം ഉൾപ്പെടെ 1647 റണ്ണാണ് വലംകൈയൻ ബാറ്റർ നേടിയത്. 1972ൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ തമിഴ്നാടിനെതിരെ നേടിയ 83 റണ്ണാണ് ഉയർന്ന സ്കോർ. 1971ൽ സിലോണിനെതിരെയുള്ള കളിയിലും ഇറങ്ങി. 1979ൽ തമിഴ്നാടിനെതിരെ ക്യാപ്റ്റനായി.
അക്കാലത്ത് ദക്ഷിണേന്ത്യയിലെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളിലൊന്നായിരുന്നു രാംദാസ്–-സുരി ഗോപാലകൃഷ്ണ സഖ്യത്തിന്റേത്. കേരള, കലിക്കറ്റ് സർവകലാശാലകൾക്കും കളിച്ചു. കലിക്കറ്റ് സർവകാലാശാല ടീം ക്യാപ്റ്റനുമായിരുന്നു. എസ്ബിടി ചീഫ് മാനേജരായിരുന്ന രാംദാസ്, സ്പോർട്സ് ഓഫീസറായാണ് വിരമിച്ചത്. ഏറെക്കാലം എസ്ബിടിക്കായി കളിച്ചു. പരിശീലകൻ, സെലക്ടർ, മാച്ച് റഫറി, മാനേജർ, കമന്റേറ്റർ എന്നീ മേഖലകളിലും ശോഭിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റായിരുന്നു. കൊച്ചിയിൽ 2001ലും 2004ലും നടന്ന ഏകദിന മത്സരങ്ങളുടെ ലെയ്സൺ ഓഫീസറായിരുന്നു. 2015 ലോകകപ്പിലുൾപ്പെടെ കമന്റേറ്ററായും തിളങ്ങി. കണ്ണൂർ തളാപ്പ് സ്വദേശിയാണ്. മൃതദേഹം നാട്ടിലെത്തിച്ചു. ഭാര്യ: ശോഭ. മകൻ: കപിൽ രാംദാസ് (അബുദാബി കൊമേഴ്സ്യൽ ബാങ്ക്). മരുമകൾ: സ്നേഹ വിശ്വനാഥൻ.
രാംദാസ് മികച്ച ഓപ്പണർ ; കേരളത്തിനും എസ്ബിടിക്കും ഒരുമിച്ചു
കളിച്ച രഞ്ജിത് തോമസിന്റെ ഓർമക്കുറിപ്പ്
അക്കാലത്തെ മികച്ച ഓപ്പണിങ് സഖ്യമായിരുന്നു രാംദാസ്–-സുരി ഗോപാലകൃഷ്ണ. ദക്ഷിണേന്ത്യയിലെതന്നെ എണ്ണംപറഞ്ഞ കൂട്ടുകെട്ട്. കേരളം അക്കാലത്ത് നേടുന്ന റണ്ണിൽ ഭൂരിഭാഗവും ഇവരുടെ സംഭാവനയായിരുന്നു. ഞാൻ എസ്ബിടിയിൽ അതിഥിയായി കളിക്കുന്നകാലംമുതൽ രാംദാസിനെ അറിയാം. ബാങ്കിനായി 15 വർഷവും സംസ്ഥാനടീമിൽ അഞ്ചുവർഷവും ഒരുമിച്ച് കളിച്ചിട്ടുണ്ട്. കോഴിക്കോട്ടുനടന്ന ടൂർണമെന്റിൽ കളിക്കാൻ ചെന്നപ്പോൾ രാംദാസ് ഉൾപ്പെടെയുള്ളവരുണ്ട്. അന്ന് കേരളത്തിന്റെ രഞ്ജി ടീം എന്ന് പറയുന്നതുതന്നെ ഒരർഥത്തിൽ എസ്ബിടിയായിരുന്നു. കൂടുതൽപേരും ബാങ്കിന്റെ താരങ്ങളായിരുന്നു.
ആക്രമിച്ച് കളിക്കുന്നതായിരുന്നില്ല ശൈലി. ക്രീസിൽ പരമാവധിസമയം നിന്ന് കളിക്കും. ക്രിക്കറ്റ് കോപ്പി ബുക്കിലെ ശൈലികൾ അദ്ദേഹത്തിന്റെ ഷോട്ടുകളിൽ കാണാൻ കഴിയും. ഫാസ്റ്റ് ബൗളർമാരെ മികച്ച രീതിയിൽ നേരിടുമായിരുന്നു. സ്പിന്നർമാരെ നന്നായി സ്വീപ് ചെയ്യും. ഗ്രൗണ്ടിനകത്തും പുറത്തും തികഞ്ഞ ചിട്ടയാണ്. വിരമിച്ചശേഷവും ക്രിക്കറ്റിൽ സജീവമായിരുന്നു. വെറ്ററൻസ് ക്രിക്കറ്റ് അസോസിയേഷൻ, മാർച്ചിൽ സംഘടിപ്പിച്ച പ്രീമിയർ ലീഗിൽ പങ്കെടുക്കാൻ എത്തിയിരുന്നു.