തിരുവനന്തപുരം > പഞ്ചായത്തിലെ ജീവനക്കാർക്ക് ശമ്പളം കിട്ടുന്നില്ലെന്ന് സ്ഥാപിക്കാൻ പ്രതിപക്ഷ നേതാവ് നിയമസഭയിൽ കാണിച്ച മനോരമ വാർത്തയെ സഭയിൽ പൊളിച്ചടുക്കി മന്ത്രി എം വി ഗോവിന്ദൻ. കണ്ണൂർ മലപ്പട്ടം പഞ്ചായത്തിലെ ജീവനക്കാരൻ എം വി ബാബു ശമ്പളം കിട്ടാത്തതിനാൽ കൂലിപ്പണിക്ക് പോകുന്നു എന്നു പറഞ്ഞാണ് മനോരമ പ്രസിദ്ധീകരിച്ച ചിത്രം വി ഡി സതീശൻ സഭയിൽ കാണിച്ചത്. ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറഞ്ഞ മന്ത്രി, പഞ്ചായത്ത് ജീവനക്കാരൻ സഹോദരന്റെ വീടുപണിയിൽ സഹായിക്കുന്ന ചിത്രമാണ് പ്രതിപക്ഷ നേതാവ് കാട്ടിയതെന്നും ജീവനക്കാർക്ക് ഏപ്രിൽ, മെയ് മാസങ്ങളിലെ ശമ്പളം നൽകിയതായും അറിയിച്ചു.
ശരിയല്ലാത്ത ചിത്രമാണ് പ്രസിദ്ധീകരിച്ചതെങ്കിൽ മനോരമ ഗുരുതരമായ തെറ്റാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. എൽഡിഎഫ് സർക്കാരിനെതിരെ മനോരമയും മാതൃഭൂമിയും അടക്കമുള്ള പത്രങ്ങൾ അപവാദ പ്രചാരണമാണ് നടത്തുന്നതെന്നും അത് ഞങ്ങൾക്ക് നല്ലപോലെ അറിയാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഈ പത്രങ്ങൾ പറയുന്നതാണ് നിങ്ങൾ ദിവസങ്ങൾക്കുശേഷം ഉന്നയിക്കുന്നത്. മനോരമയെ നിങ്ങൾ വിശ്വാസത്തിലെടുത്താൽ മതി. നിങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന മനോരമയെയും മാതൃഭൂമിയെയും നിങ്ങൾ ന്യായീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പട്ടം പഞ്ചായത്തിലെ ജീവനക്കാർക്ക് മൂന്നുമാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. നിലവിൽ ജൂണിലെ ശമ്പളം മാത്രമാണ് കുടിശ്ശിക. ഇതും വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സ്വിറ്റ്സർലൻഡ് പ്രയോഗത്തിനും മറുപടി
വി ഡി സതീശന്റെ സ്വിറ്റ്സർലൻഡ് പ്രയോഗത്തിനും മന്ത്രി മറുപടി നൽകി. ചൊവ്വാഴ്ച അടിയന്തര പ്രമേയ നോട്ടീസിന് എം വി ഗോവിന്ദൻ നൽകിയ മറുപടിയെ പരിഹസിച്ച പ്രതിപക്ഷനേതാവ് കേരളത്തെ സ്വിറ്റ്സർലൻഡ് ആക്കുമോയെന്ന് ചോദിച്ചിരുന്നു. ധനാഭ്യർഥന ചർച്ചകൾക്കുള്ള മറുപടിയിൽ സതീശന് മന്ത്രി മറുപടി നൽകി. യുഎൻഡിപിയുടെ 2020ലെ മാനവ വികസന സൂചിക അനുസരിച്ച് 0.646 പോയിന്റോടെ ഇന്ത്യ 131-ാം സ്ഥാനത്താണ്.
0.957 പോയിന്റോടെ നോർവെ ഒന്നാംസ്ഥാനവും 0.955 സ്കോറോടെ അയർലൻഡും സ്വിറ്റ്സർലൻഡും രണ്ടാം സ്ഥാനത്തുമാണ്. കേരളത്തിന്റെ സ്കോർ 0.782 ആണ്. മാനവ വികസന സൂചികയിൽ ഇന്ത്യയുടെ നിലവാരത്തിനേക്കാൾ എത്രയോ മുന്നിലാണ് കേരളം. സ്വിറ്റ്സർലൻഡിന്റെ നിലവാരത്തിലേക്കുള്ള വഴിയിലുമാണ്. അതുകൊണ്ട് കേരളം ശ്രീലങ്കയുടെ പാതയിലല്ല. സ്വിറ്റ്സർലൻഡിന് തുല്യമായ റാങ്കിലേക്ക് കേരളത്തെ എത്തിക്കാൻ എൽഡിഎഫ് സർക്കാരിനു കഴിയുമെന്നും മന്ത്രി പറഞ്ഞു.