കോഴിക്കോട് > നടിയെ അക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ പരാമർശം അനുചിതമാണെന്ന് വനിതാകമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. പൊലീസിൽ ഉന്നത പദവി വഹിച്ച ഘട്ടത്തിൽ പറയാത്ത കാര്യങ്ങൾ പൊടുന്നനെ വെളിപ്പെടുത്തുന്നത് കേസന്വേഷണത്തെ സഹായിക്കാനല്ലെന്ന് വ്യക്തം. അതിജീവിതക്ക് നീതി ലഭിക്കാതിരിക്കാനാണോ വെളിപ്പെടുത്തലെന്ന് പൊലീസ് പരിശോധിക്കണം.
വിരമിച്ച ശേഷമുള്ള പ്രതികരണം ദുരൂഹത സൃഷ്ടിക്കാനേ ഉപകരിക്കൂ. അതിജീവിതക്ക് നീതി ലഭിക്കണമെന്നത് കേരളീയ സമൂഹം ഒന്നടങ്കം ആഗ്രഹിക്കുന്ന ഘട്ടത്തിലാണ് അനാവശ്യ പരാമർശമുണ്ടായത്. ഇതുകൊണ്ട് ആർക്കാണ് ഉപകാരമെന്ന് പരിശോധിക്കണം. ആരോപണത്തിന്റെ വസ്തുത പൊലീസാണ് അന്വേഷിക്കേണ്ടതെന്നും അവർ വാർത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.