തളിപ്പറമ്പ് > യൂത്ത് കോൺഗ്രസുകാർ വെട്ടിക്കൊന്ന ഇടുക്കി ഗവ. എഞ്ചിനിയറിംഗ് കോളേജ് വിദ്യാർഥി ധീരജിന്റെ പിതാവ് രാജേന്ദ്രൻഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ കേസ് ഫയൽ ചെയ്തു. ജൂൺ 23ന് കട്ടപ്പന മൂരിക്കാശേരിയിൽ നടത്തിയ പ്രസംഗത്തിലെ അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെയാണ് അഡ്വ. നിക്കോളാസ് ജോസഫ് മുഖേന തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്റ്റ്രേട്ട് കോടതിയിൽ ക്രിമിനൽ കേസ് ഫയൽ ചെയ്തത്. രാജേന്ദ്രന്റെ മൊഴി എടുക്കുന്നതിന് കേസ് മാറ്റി.
വയനാട്ടിൽരാഹുൽഗാന്ധിയുടെ ഓഫീസ് അക്രമിച്ചവർക്ക് ധീരജിന്റെ ഗതി ഉണ്ടാവുമെന്നും കള്ളും കഞ്ചാവുമടിച്ച് നടക്കുന്ന സംഘത്തിൽപെട്ടയാളാണ് ധീരജ് എന്ന് താൻ മുമ്പ് പറഞ്ഞിരുന്നുവെന്നുമാണ് സി പി മാത്യുവിന്റെ വിവാദ പരാമർശം. മകന്റെ വേർപാടിൽ മനമനൊന്ത് കഴിയവെയാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർതുടരെ ധീരജിനെ അപമാനിച്ച് കുടുംബത്തെ വേട്ടയാടുന്നത്. ജനുവരി പത്തിനാണ് കെഎസ്യു – -യൂത്ത്കോൺഗ്രസ് പ്രവർത്തകർ ധീരജിനെ കോളേജിന് മുന്നിലിട്ട് വെട്ടിക്കൊന്നത്. അന്ന് മുതൽ കെപിസിസി പ്രസിഡ്ന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾനിരന്തരം ധീരജിനെ അപമാനിക്കുകയാണ്. ഇതിന്റെ തുടർച്ചയാണ് ഡിസിസി പ്രസിഡന്റിന്റെ വിവാദ പ്രസംഗവും.