തിരുവനന്തപുരം > ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ഒട്ടേറെ സംഭവവികസനങ്ങളിൽവലിയ പങ്ക് വഹിക്കാനുള്ള ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് ഫ്ളൈ ഓഫർ കാണാൻ പോയതിന് പിന്നിലെ ചേതോവികാരം ആർക്കും മനസിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ( കെഎസ്എസ്പിയു) കേശവദാസപുരത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിർമിച്ച രജതജൂബിലി ഹാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വിദേശകാര്യമന്ത്രി ഫ്ളൈ ഓവറിന് മുകളിൽ നിൽക്കുന്ന ചിത്രം പത്രങ്ങളിൽകണ്ട് വല്ലാത്ത ആശ്ചര്യം തോന്നി. നമ്മുടെ രാജ്യം ലോകത്തെ പ്രധാന രാജ്യങ്ങളിലൊന്നാണ്. വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഇത്ര തിരക്കുള്ള ഘട്ടത്തിൽ ഒരു പാലം കാണാൻ വന്നത് ചിലതിന്റെയെല്ലാം തുടക്കമാണ്. കേവലമൊരു ഫ്ളൈഓവർ കാണലല്ല അത്. 18 മാസം കഴിഞ്ഞ് നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണത്. കഴക്കൂട്ടം ഉൾപ്പെടുന്ന പാർലമെന്റ് മണ്ഡലം ജയ്ശങ്കറിനെ ഏൽപ്പിച്ചതിനെ തുടർന്നുള്ള സന്ദർശനമാണ്.
കേരളം ദേശീയപാതാ വികസനം യാഥാർഥ്യമാക്കിയപ്പേൾ അതിന്റെ നേർ അവകാശികളാകാൻ ചില പാർലമെന്റ് അംഗങ്ങൾ രംഗത്തിറങ്ങിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് അവകാശവാദം. സംസ്ഥാനത്ത് 2016ന് മുമ്പ് ദേശീയപാത വികസനം വഴിമുട്ടി നിൽക്കുകയായിരുന്നു. അന്നത്തെ സർക്കാരിന് സർവകക്ഷി യോഗത്തിൽ പാത വികസനത്തിന് എല്ലാ പിന്തുണയും സിപിഐ എം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർടികളെല്ലാം നൽകിയിരുന്നു. പാർടി സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ ഞാനും പങ്കെടുത്ത് അന്ന് പിന്തുണ നൽകിയിട്ടും പദ്ധതി യാഥാർഥ്യമാക്കാൻ അന്നത്തെ സർക്കാർ ഒന്നും ചെയ്തില്ല. 2016ന് ശേഷം എൽഡിഎഫ് സർക്കാർ വീണ്ടും പാതവികസനത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻഗഡ്കരിയെ സമീപിച്ചപ്പോഴേക്കും അവർ നിയമം മാറ്റി.
ഭൂമിക്ക് വിലക്കൂടുതലുള്ള കേരളത്തിൽദേശീയപാത വികസിപ്പിക്കണമെങ്കിൽഭുമി വിലയുടെ 25 ശതമാനം കേരളം വഹിക്കണമെന്ന നിബന്ധന വന്നു. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത നിബന്ധന കേരളത്തിന് മേൽകെട്ടിവച്ചിട്ടും നാടിന്റെ വികസനത്തെ കരുതി ആ തുക വഹിക്കാമെന്ന് ഏറ്റു. ആ ഇനത്തിൽമാത്രം സംസ്ഥാന സർക്കാർ 5000 കോടിയിലേറെ ഇതുവരെ ദേശീയപാതയ്ക്ക് നൽകി. ദേശീയപാത അതോറിറ്റി പാതവികസന പദ്ധതി കൊണ്ടുവന്നപ്പോൾ അത് ഏറ്റെടുത്ത് നടപ്പാക്കിയിരുന്നെങ്കിൽഇൗ തുക ചെലവഴിക്കേണ്ടിവരുമായിരുന്നില്ല. യഥാർഥത്തിൽ ഈ അയ്യായിരം കോടിയിലേറെ രൂപ വികസനം യഥാസമയം നടപ്പാക്കാത്ത കെടുകാര്യസ്ഥതയുടെ ഭാഗമായി കൊടുക്കേണ്ടിവന്ന പിഴയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു.