കോട്ടയം> പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ അന്തർദേശീയ വനിതാ കായികതാരത്തെ അസഭ്യം വിളിച്ച് അപമാനിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. സ്റ്റേഡിയം മാനേജിങ് കമ്മിറ്റിയംഗം സജീവ് കണ്ടത്തില്‍, പ്രകാശന് എന്നിവരാണ് അറസ്റ്റിലായത്. കായിക താര ദമ്പതികളായ പിഴക് അമ്പലത്തിങ്കൽ പിന്റോ മാത്യു, ഭാര്യ നീനാ പിന്റോ എന്നിവർക്കാണ് സ്റ്റേഡിയത്തിൽ നടക്കാനെത്തിയവരിൽനിന്ന് ദുരനുഭവം നേരിട്ടത്.
സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ തിങ്കൾ വൈകിട്ട് 6.30 ഓടെയാണ് സംഭവം. 6, 7, 8 ട്രാക്കുകളാണ് നടപ്പുകാർക്കായി നഗരസഭ അനുവദിച്ചിരിക്കുന്നത്. മറ്റ് ട്രാക്കുകൾ പരിശീലന താരങ്ങൾക്കായി അനുവദിച്ചിരിക്കുന്നതാണ്. ട്രാക്ക് മാറി നടന്ന രണ്ടുപേരോട് പരിശീലനത്തിന് ആവശ്യമായ ട്രാക്ക് ഒഴിവാക്കി നടക്കണമെന്ന് നീന ആവശ്യപ്പെട്ടു. ഇതിൽ ക്ഷുഭിതരായി നടപ്പുകാർ അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്നാണ് നീന പറയുന്നത്.
ഏഷ്യൻ ഗെയിംസിൽ ലോങ് ജമ്പ് വെള്ളി മെഡൽ ജേതാവാണ് നീന. പിന്റോ മാത്യു 110 ഹർഡിൽസിൽ ദേശീയ താരമാണ്. ഇരുവരും കോട്ടയം റെയിൽവേ ടിടിഇമാരാണ്.