കോവിഡ് കാലത്ത് അടഞ്ഞു കിടന്ന തിയറ്ററുകളിൽ വീണ്ടും എത്തിയ സിനിമകൾക്ക് എന്താണ് സംഭവിച്ചത്?. ഇടുങ്ങിയ മുറികളുടെ പരിമിതിയിൽ നിന്ന് ആഘോഷങ്ങളുടെ വലിയ സ്ക്രീനിലേക്ക് ആഹ്ലാദത്തോടെ കടന്നുവന്ന പ്രേക്ഷകർക്ക് തിയറ്ററുകൾ എന്താണ് തിരിച്ചു നൽകിയത്? പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന സിനിമകൾ സമ്മാനിക്കാൻ മലയാളത്തിനാകുന്നുണ്ടോ? കലാമൂല്യവും കച്ചവട സാധ്യതയും ഒരുമിച്ച് കൊണ്ടുപോകാൻ കോവിടാനന്തര കാലത്തെ സിന് മകൾക്ക് സാധിക്കുന്നുണ്ടോ? ഇല്ലെന്നാണ് കണക്കുകൾ. മലയാളം സിനിമകൾക്ക് കാണികൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന ആശങ്ക സിനിമാ ലോകത്ത് പടരുകയാണ്.
2022ന്റെ ആദ്യ പാദത്തിൽ തിയറ്ററിലെത്തിയ 62 മലയാള സിനിമകളിൽ 56 എണ്ണമാണ് സാമ്പത്തികമായി പരാജയപ്പെട്ടത്. സൂപ്പർ ശരണ്യ, ഹൃദയം, ഭീഷ്മപർവം, ജന ഗണ മന, സിബിഐ 5, ജോ ആൻഡ് ജോ എന്നീ ആറ് സിനിമകൾ മാത്രമാണ് തിയറ്ററിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയത്.
വലിയ ക്യാൻവാസിലുള്ള സിനിമകളോടാണ് പ്രേക്ഷകർക്ക് താൽപര്യം എന്ന വാദത്തിന്റെ മുനയൊടിച്ചുകൊണ്ട് ചെറിയ ബജറ്റിലിറങ്ങിയ ചിത്രങ്ങൾ സ്വീകരിക്കപ്പെട്ടു. നിറഞ്ഞോടിയ സൂപ്പർ ശരണ്യ, ജോ ആൻഡ് ജോ എന്നിവ ചെറിയ താരങ്ങളെ വച്ചുള്ള ചെറിയ സിനിമകളായിരുന്നു.
അതേസമയം മോഹൻ ലാലിന്റെ ബിഗ് ബജറ്റ് ചിത്രം ആറാട്ട്, ടോവിനോ ചിത്രങ്ങളായ വാശി, ഡിയർ ഫ്രണ്ട്, നാരദൻ, ആസിഫ് അലിയുടെ കുറ്റവും ശിക്ഷയും മഞ്ജു വാര്യരുടെ സന്തോഷ് ശിവൻ ചിത്രം ജാക്ക് ആൻഡ് ജിൽ, സത്യൻ അന്തിക്കാടിന്റെ ജയറാം–- മീര ജാസ്മൻ ചിത്രം മകൾ തുടങ്ങി വലിയ താര നിരയും പ്രശസ്തരായ മേക്കേഴ്സുമുള്ള സിനിമകൾ തിയറ്ററിൽ തകർന്നടിഞ്ഞു. താരാരാധന മാത്രം മലയാളി പ്രേക്ഷകനെ തീയ്യറ്ററിലെത്തിക്കില്ലെന്ന ബോധ്യം ഇത്തരം സിനിമകൾ ഒന്നുകൂടി ഉറപ്പിച്ചു.
ഒരു സിനിമ നിർമിക്കാൻ ശരാശരി മൂന്നു മുതൽ അഞ്ച് കോടി രൂപവരെയാണ് ചിലവ്. ചില സിനിമകളുടെ ബജറ്റ് 15 മുതൽ 25 കോടി വരെയാണ്. 62 സിനിമകൾക്കായി സിനിമ വ്യവസായം ചിലവിട്ടത് 250 മുതൽ 300 കോടി രൂപയാണ്. നിർമാതാക്കളുടെ സംഘടനയുടെ കണക്ക് പ്രകാരം നഷ്ടം ഏകദേശം -250 കോടിയിലധികം വരും. തിയറ്ററിൽ വലിയ തിരിച്ചടി നേരിട്ട ചില സിനിമകളുടെ നഷ്ടഭാരം കുറച്ചത് ഒടിടിയാണ്. എന്നാൽ സിനിമകൾ തിയറ്ററിലെത്തിയ ശേഷം മാത്രം വാങ്ങിയാൽ മതിയെന്ന ഒടിടി കമ്പനികളുടെ പുതിയ നിലപാട് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. ഇപ്പോൾ തന്നെ പല ചെറിയ സിനിമകൾക്കും ഒടിടി ലഭിക്കുന്നില്ല.
നിലവിലെ പ്രതിസന്ധി ഏറ്റവും ബാധിച്ചത് തിയറ്ററുകളെയാണ്. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഭൂരിപക്ഷം തിയറ്ററുകളിലും കാണികളില്ല. തുടർച്ചയായി ‘ഷോ ബ്രേക്ക്’ വരുന്നു. പല സിനിമകളുടെ ആദ്യ ദിനത്തിൽ ആദ്യ ഷോ പോലും നടക്കാത്ത സ്ഥിതി. വലിയ പ്രതീക്ഷ നൽകി എത്തിയ ചിത്രങ്ങൾ വലിയ നഷ്ടം നേരിട്ടു. തിയറ്ററിലെത്തിയ 40 ഓളം സിനിമകളുടെ ആയുസ്സ് ഒരാഴ്ചയിൽ താഴെയായിരുന്നു. അതേസമയം കെജിഎഫ് 2, ആർആർആർ, വിക്രം, ചാർലി 777 അടക്കം പല അന്യഭാഷ സിനിമകൾ തിയറ്ററിൽ നിറഞ്ഞോടി. ഹോളിവുഡ് സിനിമകൾക്കും വലിയ സ്വീകാര്യത ലഭിച്ചു.
സിനിമകൾക്ക് നല്ല അഭിപ്രായം ലഭിക്കുന്നുണ്ടെങ്കിൽ മാത്രം തിയ്യറ്ററിലേക്ക് എന്ന നിലയിലേക്ക് മലയാളി പ്രേക്ഷകർ മാറിയിരിക്കുന്നു. അവിടെയും ഉള്ളടക്കത്തിൽ വ്യത്യസ്തതയും മികവും പുലർത്തുന്ന സിനിമകൾക്ക് കാഴ്ചക്കാരുണ്ടാകുന്നുണ്ട് എന്നത് ആശ്വാസകരമാണ്.