തിരുവനന്തപുരം
എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞ് രക്ഷപെട്ട പ്രതിക്കും ഇയാൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കുമായി പൊലീസ് അന്വേഷണം ഊർജിതം. പ്രതി സഞ്ചരിച്ച വഴികളിലുടെ പോയി ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലൂടെയും ശാസ്ത്രീയമായ മറ്റ് വഴികളിലൂടെയുമാണ് പ്രതിയിലേക്ക് അന്വേഷണം മുന്നേറുന്നത്.
നൂറോളം സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ ഇതിനകം ശേഖരിച്ചിട്ടുണ്ട്. കൂടുതൽ സിസിടിവി ദൃശ്യങ്ങൾക്കായുള്ള ശ്രമം നടക്കുന്നുമുണ്ട്. വീടുകളിൽ നിന്നുള്ളവയാണ് കൂടുതൽ സിസിടിവികളും എന്നതിനാൽ ദൃശ്യങ്ങളിൽ വ്യക്തത തീരെ കുറവാണ്. അതിവേഗം മുന്നോട്ട് പോകുന്ന വാഹനത്തിന്റെയും അതിൽ സഞ്ചരിക്കുന്നയാളുടെയും കൃത്യതയാർന്ന ദൃശ്യം പകർത്താനുള്ള ശേഷി ഈ ക്യാമറകൾക്കില്ല എന്നതാണ് അന്വേഷണത്തിലെ പ്രധാന പ്രതിസന്ധി. ഈ സാഹചര്യത്തിലാണ് ദൃശ്യങ്ങൾ സിഡാകിന് നൽകി കൂടുതൽ ദൃശ്യവ്യക്തത വരുത്താനും സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രതിയുടെ രേഖാചിത്രം വരച്ചെടുക്കാനുമുള്ള നീക്കം.
പ്രതി സഞ്ചരിച്ചത് ഹോണ്ടയുടെ ഡിയോ മോഡൽ സ്കൂട്ടറിലാണെന്നാണ് പൊലീസ് കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ ഈ മോഡൽ വാഹനങ്ങളെല്ലാം പരിശോധിക്കുകയാണ്. 350ൽ അധികം സ്കൂട്ടറുകൾ ഇതിനകം കണ്ടെത്തി. സംശയം തോന്നിയ വാഹന ഉടമകളെ വിളിച്ച് ചോദ്യം ചെയ്തിട്ടുണ്ട്. ഈ മോഡലിൽ രണ്ടായിരത്തോളം വാഹനങ്ങൾ വിൽപ്പന നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
മൊബൈൽ ടവർ കേന്ദ്രീകരിച്ചാണ് മറ്റൊരു വഴിക്ക് അന്വേഷണം പോകുന്നത്. |
സംഭവസമയം എകെജി സെന്ററുൾപ്പെടുന്ന പ്രദേശത്തെ മൊബൈൽ ടവറിന് കീഴിൽ അക്രമം നടന്ന സമയത്ത് വന്നുപോയ മൊബൈൽ ഉടമകളുടെ ഇടപെടലും അന്വേഷിക്കുന്നുണ്ട്. നേരത്തെ ബോംബേറ് കേസുകളിൽ പ്രതിയായിട്ടുള്ളവരെയും നിരീക്ഷിക്കുന്നുണ്ട്. ഇതിനകം നിരവധിയാളുകളെ ചോദ്യം ചെയ്തിട്ടുമുണ്ട്. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് പ്രതിയിലേക്ക് വൈകാതെ എത്തിച്ചേരാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.