തിരുവനന്തപുരം> പത്തനംതിട്ട ളാഹയിൽ ഭക്ഷണം കിട്ടാത്തതിനാൽ ചക്ക പങ്കിട്ട് കഴിച്ച് ആറ് ആദിവാസി കുടുംബം ജീവിക്കുന്നെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. സംസ്ഥാനത്തെ ഊരുകളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഓരോ വീട്ടിലും എല്ലാ മാസവും വാതിൽപ്പടിയായി എത്തിക്കുന്ന ഭക്ഷ്യധാന്യങ്ങൾ ഇവരുടെ വീടുകളിലും എത്തിയിട്ടുണ്ട്. 35 കിലോ ഭക്ഷ്യധാന്യമാണ് ഭക്ഷ്യവകുപ്പ് ഊരുകളിൽ എത്തിക്കുന്നത്. കൂടാതെ, 12 ഇനങ്ങളടങ്ങിയ ഭക്ഷ്യകിറ്റ് പട്ടികവർഗവകുപ്പും നൽകുന്നുണ്ട്.
ജൂൺ, ജൂലൈ മാസങ്ങളിലും ഇവയുടെ വിതരണം കൃത്യമായി നടന്നിട്ടുണ്ട്. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അന്വേഷിക്കാൻ ജില്ലാ ട്രൈബൽ ഓഫീസർക്ക് നിർദേശം നൽകിയിരുന്നു. വാർത്തയിൽ പറയുന്ന വ്യക്തികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ പട്ടികവർഗ വകുപ്പിന്റെയും ഭക്ഷ്യവകുപ്പിന്റെയും സേവനങ്ങൾ ഇവർക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് വ്യക്തമായി. പരിശോധനസമയത്ത് വീട്ടിൽ 60 കിലോ ധാന്യമുണ്ടായതായും കണ്ടെത്തി. ഇത് മറച്ചുവച്ചാണ് തെറ്റായ വാർത്ത നൽകുന്നത്.
തെറ്റായ വാർത്ത നൽകുന്ന മാധ്യമങ്ങൾ ഈ ജനവിഭാഗങ്ങളോട് അനീതി കാണിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ ളാഹയ്ക്കടുത്തുള്ള വനമേഖലകളിൽ താമസിക്കുന്നവരാണ് ഈ ആറുപേരും. 261 പട്ടികവർഗ കുടുംബമാണ് ഇവിടെയുള്ളത്. ഇതിൽ 107 കുടുംബം വനവിഭവ ശേഖരണാർഥം വാസസ്ഥലം മാറുന്ന ശീലം തുടരുന്നവരാണ്.
പിന്നാക്കം നിൽക്കുന്ന ആദിവാസി സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. ഈ ജനവിഭാഗത്തിന് പിന്തുണ നൽകേണ്ടത് പൊതു സമൂഹമാണെന്നും മന്ത്രി പറഞ്ഞു.