തിരുവനന്തപുരം > സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് നിന്നും രാജിവച്ചത് ഉചിതവും സന്ദർഭോചിതവുമായ നടപടിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് സിപിഐ എം. പുതിയതായി ഒരു മന്ത്രിയുടെ കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടിയാണ് പാർട്ടി പോരാടുന്നത്. രാജ്യത്തിന്റെ സ്വതന്ത്ര പരമാധികാരം, ജനാധിപത്യം, മതനിരപേക്ഷത എന്നിവ ഭരണഘടനയുടെ അടിസ്ഥാന ശിലകളാണ്. ഈ രാജ്യം ജനാധിപത്യ രാജ്യമായി നിലനിൽക്കുന്നത് ഭരണഘടന ഉള്ളതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഭരണഘടന തത്വങ്ങൾ അനുസരിച്ചുകൊണ്ടാണ് സിപിഐ എം പ്രവർത്തിക്കുന്നത്.
ഇന്ത്യൻ ഭരണഘടന അംഗീകരിച്ച് പ്രവർത്തിക്കാം എന്ന് പാർട്ടി ഭരണഘടനയിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രസംഗത്തിൽ ചില വീഴ്ചകൾ സംഭവിച്ചുവെന്ന് മനസ്സിലാക്കിയ സജി ചെറിയാൻ പെട്ടെന്ന് തന്നെ രാജിവയ്ക്കാൻ സന്നദ്ധമായി. ഉന്നതമായ ജനാധിപത്യ മൂല്യമാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചിട്ടുള്ളത്. മാത്രമല്ല, ഒരു മാതൃക കൂടിയാണ് അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നത്. ഈ സംഭവം ദൂരവ്യാപകമായി ചർച്ച ചെയ്തിട്ടുണ്ടെങ്കിലും രാജിവച്ചതോടെ അതെല്ലാം അപ്രസക്തമായിരിക്കുകയാണ്.
രാഷ്ട്രീയ സ്ഥിതിഗതികൾ വിശദീകരിക്കാൻ ഏരിയാ അടിസ്ഥാനത്തിലുള്ള പരിപാടി 10 ആം തീയതി മുതൽ ആരംഭിക്കും. പ്രതികൂല കാലാവസ്ഥ ഉണ്ടെങ്കിലും അതുകൂടി കണക്കിലെടുത്ത് പരിപാടികൾ നടത്തും. മഴക്കെടുതി നേരിടാൻ പാർട്ടി വളണ്ടിയർമാർ രംഗത്തിറങ്ങണം. പുതിയ മന്ത്രിയെ ഇപ്പോൾ ആലോചിച്ചിട്ടില്ല.
സജി ചെറിയാന് പറഞ്ഞതെല്ലാം ശരിയായിരുന്നെങ്കില് പിന്നെ അദ്ദേഹം രാജിവെക്കേണ്ട എന്ന നിലപാടല്ലേ പാര്ട്ടി പറയുകയെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് സംസാരിച്ച കൂട്ടത്തില് ചില തെറ്റുപറ്റിയിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ പരസ്യമായി പറഞ്ഞല്ലോ എന്നും കോടിയേരി പറഞ്ഞു.