കൊച്ചി > യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ടെന്ന പരാതി കിട്ടിയാല്‍ പൊലീസിന് കൈമാറുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ആഭ്യന്തരസമിതി അന്വേഷിച്ച് ഒത്തുതീര്പ്പാക്കില്ലെന്നും കൊച്ചിയിൽ വാർത്താലേഖകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിവിറില്‍ പെണ്‍കുട്ടി അപമാനിക്കപെട്ടതായി പരാതിയുണ്ടെങ്കില്‍ ആ പരാതി പൊലീസിന് കൈമാറും. ക്യാമ്പിന്റെ അച്ചടക്കത്തിന് ചേരാത്ത രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ആരോപണവിധേയനായിരിക്കുന്ന ആള്‍ക്കെതിരെ നടപടിയെടുത്തത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരാതി ശരിയാണോയെന്ന് പരിശോധിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട് – വി ഡി സതീശൻ പറഞ്ഞു.