തിരുവനന്തപുരം > പാലക്കാട് യൂത്ത് കോൺഗ്രസ് ക്യാമ്പിൽ ദലിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് ചെറിയ വിഷയമെന്ന് കെ സുധാകരൻ. ഇത് സംബന്ധിച്ച് ഷാഫി പറമ്പിലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. അത് വലിയ ചർച്ചയല്ല, ചെറിയ വിഷയമാണെന്നായിരുന്നു സുധാകരന്റെ ന്യായീകരണം. യുവതി പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയിലേക്കും കോൺഗ്രസ് നീങ്ങിയിട്ടില്ല. പരാതി പിൻവലിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
ഇത്രയും വലിയ ചർച്ചയായിട്ടും പെൺകുട്ടിക്ക് പരാതിയുണ്ടെങ്കിൽ മാത്രം പൊലീസിലേക്ക് കൈമാറുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറയുന്നത്. പാലക്കാട് നടന്ന യൂത്ത് കോണ്ഗ്രസ് ചിന്തന് ശിബിറില് സംസ്ഥാന എക്സിക്യൂട്ടീവ് അംഗത്തിന് നേരെ ഉയര്ന്ന പീഡന പരാതി പൊലീസിന് കൈമാറാത്തതില് പ്രതിഷേധം രൂക്ഷമാവുകയാണ്. അപ്പോഴാണ് വിഷയത്തെ നിസാരവത്കരിച്ചുള്ള നേതാക്കളുടെ പ്രസ്താവന.
പരാതിയില് നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. പാലക്കാട് ചേര്ന്ന ചിന്തിന് ശിബിറിനിടെ യൂത്ത് കോണ്ഗ്രസ് നേതാവ് വിവേക് നായര് പീഡിപ്പിക്കാന് ശ്രമിച്ചെന്ന് വ്യക്തമാക്കി വനിത നേതാവ് നല്കിയ പരാതിയാണ് ചർച്ചയായിരിക്കുന്നത്. പരാതി യൂത്ത് കോണ്ഗ്രസ് നേതൃത്വത്തിനു നല്കിയെങ്കിലും നടപടി എടുക്കാതെ ഒതുക്കിത്തീര്ക്കാന് ശ്രമിച്ചെന്നാണ് ഉയരുന്ന ആരോപണം. ചിന്തന്ശിബിരിനിടെ പ്രതിനിധിയായ വനിതാ അംഗത്തോട് വിവേക് നായര് മോശമായി പെരുമാറിയെന്നാണ് പരാതി.