കൊച്ചി
അംഗരാജ്യങ്ങളെ ബാധിക്കുന്നതരത്തിൽ വർധിക്കുന്ന തീവ്രവാദം, സമുദ്രസുരക്ഷ, മനുഷ്യക്കടത്ത്, ലഹരിക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവ സംയുക്തമായി നേരിടാൻ കൊച്ചിയിൽ ചേർന്ന ആറാമത് കൊളംബോ സുരക്ഷാ ഉച്ചകോടി നിർദേശിച്ചു. ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ്, മൗറീഷ്യസ് എന്നീ അംഗരാജ്യങ്ങളുടെയും ബംഗ്ലാദേശ്, സീഷെൽസ് എന്നീ നിരീക്ഷക രാജ്യങ്ങളുടെയും ദേശീയ സുരക്ഷ ഡെപ്യൂട്ടി ഉപദേഷ്ടാക്കളായ ഉദ്യോഗസ്ഥരാണ് കൊച്ചി ക്രൗൺപ്ലാസയിൽ നടന്ന ഉച്ചകോടിയിൽ പങ്കെടുത്തത്.
പൊതുവായ സുരക്ഷാപ്രശ്നങ്ങൾ പരിഹരിക്കാൻ സഹകരിക്കാവുന്ന മേഖലകളെക്കുറിച്ച് സമ്മേളനം ചർച്ചചെയ്തു. സമുദ്ര സുരക്ഷ പരമപ്രധാനമാണെന്ന് ഇന്ത്യൻ ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ് വിക്രം മിസ്രി പറഞ്ഞു. നിയമ നിർവഹണ ഏജൻസികളുടെ സംയുക്ത പ്രവർത്തനം തുടരാമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാപ്രശ്നം പരിഹരിക്കാൻ പൊതുവായ നിയമങ്ങൾ നിർമിക്കാൻ ശ്രീലങ്കൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ഷവേന്ദ്ര സിൽവ നിർദേശിച്ചു. രഹസ്യാന്വേഷണ വിവരം ശേഖരിക്കാനും മറ്റുമായി സംയുക്ത വർക്കിങ് ഗ്രൂപ്പും ഏജൻസിയും രൂപീകരിക്കാനും അദ്ദേഹം ശുപാർശ ചെയ്തു. നിർബന്ധിതമായി കുടിയിറക്കപ്പെട്ട മ്യാന്മർ പൗരന്മാരെ തിരിച്ചയക്കാൻ ഇന്ത്യയുടെ സഹായം ബംഗ്ലാദേശ് ഹൈക്കമീഷനിലെ പ്രതിരോധ ഉപദേഷ്ടാവ് മുഹമ്മദ് അബ്ദുൾ കലാം ആസാദ് അഭ്യർഥിച്ചു.
മാലദ്വീപ് വിദേശകാര്യ സെക്രട്ടറി അഹമ്മദ് ലത്തീഫ്, മൗറീഷ്യസ് പ്രധാനമന്ത്രിയുടെ ഓഫീസിലെ സുരക്ഷാവിഭാഗം പ്രിൻസിപ്പൽ കോ–-ഓർഡിനേറ്റർ യോദീസ്റ്റീർ തെക്ക, സീഷെൽസ് ഡിഫൻസ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് കേണൽ സൈമൺ ആർചേഞ്ച് ഡൈൻ എന്നിവരും സംസാരിച്ചു.