ലണ്ടൻ
നൊവാക് ജൊകോവിച്ചും റാഫേൽ നദാലും വീണ്ടും മുഖാമുഖം വരുമോ? ഉത്തരം കിട്ടാൻ ഇന്ന് രാത്രിയാകണം. വിംബിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസ് സെമിയിൽ ഇരുവരും ഇന്നിറങ്ങും. നിലവിലെ ചാമ്പ്യനായ ജൊകോവിച്ചിന് ബ്രിട്ടന്റെ കാമറൂൺ നോറിയാണ് എതിരാളി. നദാൽ ഓസ്ട്രേലിയൻ താരം മെബറിക് നിക് കിർഗിയോസിനെ നേരിടും.
നാല് മണിക്കൂറും 21 മിനിറ്റും നീണ്ട ക്വാർട്ടർ ഫൈനൽ ജയിച്ചാണ് മുപ്പത്താറുകാരനായ നദാലിന്റെ വരവ്. അമേരിക്കൻ യുവതാരം ടെയ്ലർ ഫ്രിറ്റ്സിനെ 3–-6, 7–-5, 3–-6, 7–-5, 7–-6നാണ് തോൽപ്പിച്ചത്. ടൈബ്രേക്കിലേക്ക് നീണ്ട അവസാന സെറ്റിൽ 10–-4നാണ് വിജയം. രണ്ടുതവണ വിംൾഡൺ നേടിയ സ്പാനിഷ് താരം കളിക്കിടെ ചികിത്സ തേടിയിരുന്നു. എട്ടാംതവണയാണ് സെമിയിലെത്തുന്നത്. ഇരുപത്തിമൂന്നാം ഗ്രാൻഡ് സ്ലാം കിരീടമാണ് ലക്ഷ്യം.
ആറുതവണ വിംബിൾഡൺ നേടിയ ജൊകോവിച്ച് ക്വാർട്ടറിൽ കീഴടക്കിയത് ഇറ്റലിയുടെ യുവതാരം ജന്നിക് സിന്നറെയാണ്. അഞ്ചു സെറ്റ് നീണ്ട കളി തീരാൻ മൂന്നരമണിക്കൂറെടുത്തു. സെർബിയക്കാരനായ ജൊകോയുടെ ബാഗിൽ 20 ഗ്രാൻഡ് സ്ലാം കിരീടങ്ങളുണ്ട്.