തൃശൂർ > സിപിഐ എം പ്രവർത്തകൻ കെ യു ബിജുവിനെ ആർഎസ്എസ് സംഘം കൊലപ്പെടുത്തിയ കേസിൽ വിചാരണ നീട്ടണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. വിചാരണ 18ന് ആരംഭിക്കാനിരിക്കെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ജസ്റ്റിസ് സിയാദ് റഹ്മാൻ ഇത് തളളുകയായിരുന്നു. വിചാരണക്കോടതി ജഡ്ജിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി.
2008ലാണ് കൊലപാതകം. വിചാരണ വൈകിയതിനെത്തുടർന്ന് വാദിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ആറുമാസത്തിനകം കേസ് തീർപ്പാക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇത് നീട്ടാൻപ്രതിഭാഗം ശ്രമിച്ചു. എന്നാൽ18 മുതൽആഗസ്ത് നാലുവരെ വിചാരണ നടത്താൻതൃശൂർ നാലാം അഡീഷണൽസെഷൻസ് കോടതി ജഡ്ജി കെ വി രജനീഷ് ഉത്തരവായിരുന്നു. ഇത് വീണ്ടും നീട്ടാനാണ് പ്രതിഭാഗം ശ്രമിച്ചത്. കേസിൽഹാജരായ സ്പെഷ്യൽ പ്രോസിക്യൂട്ടർഅഡ്വ. പാരിപ്പിള്ളി ആർരവീന്ദ്രൻ ഇതിനെ ശക്തമായി എതിർത്തു.
സിപിഐ എം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന കെ യു ബിജുവിനെ 2008 ജൂൺ 30നാണ് ആർഎസ്എസ്, ബിജെപി സംഘം ആക്രമിച്ചത്. വീട്ടിൽ നിന്ന് ഉച്ചയൂണ് കഴിച്ച് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് സൈക്കിളിൽ വരുമ്പോൾ നടുറോഡിൽ വെട്ടിവീഴ്ത്തുകയായിരുന്നു. ജൂലൈ രണ്ടിനാണ് മരണം.