തിരുവനന്തപുരം
ഭരണഘടനയോടും അതിന്റെ മൂല്യങ്ങളോടും കോൺഗ്രസും ബിജെപിയും സ്വീകരിക്കുന്ന സമീപനവും മാധ്യമങ്ങളുടെ ഇരട്ടത്താപ്പും തുറന്നുകാട്ടിയായിരുന്നു രാജിക്കു ശേഷമുള്ള സജി ചെറിയാന്റെ വാർത്താസമ്മേളനം. മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകിയ ശേഷം വൈകിട്ട് ആറോടെയാണ് അദ്ദേഹം സെക്രട്ടറിയറ്റിലെ മീഡിയ റൂമിലെത്തിയത്. ചാനൽ മൈക്കുകളുമായി മീഡിയ റൂമിൽ ബഹളസമാന അന്തരീക്ഷം സൃഷ്ടിച്ച മാധ്യമപ്രവർത്തകരോട് കൂളാകാനും ടെൻഷൻ വേണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു മണിക്കൂർ പ്രസംഗത്തിലെ ഏതാനും ഭാഗങ്ങൾ മാത്രമെടുത്ത് ദുഷ്പ്രചാരണം നടത്തുകയായിരുന്നു. ഭരണഘടനാ സംരക്ഷണം പ്രധാന രാഷ്ട്രീയ ഉത്തരവാദിത്വമായി ഏറ്റെടുത്തവരാണ് സിപിഐ എമ്മും ഇടതുപക്ഷവും. ഭരണഘടന നേരിടുന്ന അസാധാരണ വെല്ലുവിളികൾക്കെതിരെ പ്രതിരോധം തീർക്കാനുള്ള പ്രയത്നത്തിലാണ് താൻ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം.
നിയമപരമായും രാഷ്ട്രീയമായും എല്ലാ മാർഗങ്ങളും ഉപയോഗിച്ചാണ് മതനിരപേക്ഷ ജനാധിപത്യ-ഫെഡറൽ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള പ്രയത്നത്തിലേർപ്പെട്ടിരിക്കുന്നത്. ഇതിൽ സുചിന്തിതമായ അഭിപ്രായമാണ് തനിക്കുള്ളത്. പൗരസ്വാതന്ത്ര്യവും സാമ്പത്തിക നീതിക്കുവേണ്ടിയുള്ള ലക്ഷ്യവും അട്ടിമറിക്കപ്പെട്ട ഘട്ടത്തിലെല്ലാം ഇത്തരം നീക്കം ചെറുക്കുന്നതിൽ തന്റെ പ്രസ്ഥാനം അഭിമാനാർഹമായ പങ്കാണ് വഹിച്ചത്. അടിയന്തരാവസ്ഥ, പൗരത്വ ഭേദഗതി നിയമം, അനുച്ഛേദം 370 റദ്ദാക്കുകയും ജമ്മു -കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത നടപടി തുടങ്ങിയവയ്ക്കെതിരെ ജനകീയ സമരത്തിലും പ്രസ്ഥാനം മുൻപന്തിയിലുണ്ട്. എന്നാൽ, ഭരണഘടനയുടെ അന്തഃസത്ത ഉയർത്തിപ്പിടിക്കുന്നതിൽ കോൺഗ്രസും ബിജെപിയും പല ഘട്ടങ്ങളിലും പരാജയപ്പെട്ടു. ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്നത് ഇവർ വ്യാപകമായി നടപ്പാക്കി. 1959-ൽ കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടു. മതനിരപേക്ഷ മൂല്യം നേരിടുന്ന വെല്ലുവിളി കടുത്തതാണ്. ഒടുവിൽ ഗുജറാത്ത് വംശഹത്യക്ക് ഉത്തരവാദികളായവരെ തുറന്നുകാട്ടാൻ ശ്രമിച്ചവർക്കെതിരെ സ്വീകരിച്ച ജനാധിപത്യവിരുദ്ധ നടപടികളും നാം കാണുകയാണെന്നും സജിചെറിയാൻ പറഞ്ഞു.