തൃശൂർ
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) 11–-ാം സംസ്ഥാന സമ്മേളനത്തിന് സാംസ്കാരിക തലസ്ഥാന നഗരിൽ ഹൃദ്യമായ തുടക്കം. രഞ്ജന നിരൂല നഗറിൽ (സംഗീത നാടക അക്കാദമി റീജണൽ തിയറ്റർ) സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മേരി ജോബ് അധ്യക്ഷയായി.
രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തിന് സംസ്ഥാന അധ്യക്ഷ പതാക ഉയർത്തിയതോടെയാണ് തുടക്കമായത്. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം, പ്രതിനിധി സമ്മേളനം ആരംഭിച്ചു. കെ ഷീബ രക്തസാക്ഷി പ്രമേയവും ഡി സേതുലക്ഷ്മി അനുശോചന പ്രമേയവും അവതരിപ്പിച്ചു. എഐഎഫ്എഡബ്ല്യുഎച്ച് (സിഐടിയു) ദേശീയ സെക്രട്ടറി എ ആർ സിന്ധു സംഘടനാ റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ പ്രസന്നകുമാരി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് പൊതുചർച്ച ആരംഭിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്, സ്വാഗതസംഘം ചെയർമാൻ എം കെ കണ്ണൻ, യു പി ജോസഫ്, പി കെ ഷാജൻ എന്നിവർ സംസാരിച്ചു.
വൈകിട്ട് ‘കേന്ദ്രസർക്കാരിന്റെ ഐസിഡിഎസിനോടുള്ള ഇരട്ടത്താപ്പ് നയവും ഇസിസിഇ പരിപാടിയും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. എഐഎഫ്എഡബ്ല്യുഎച്ച് ദേശീയ പ്രസിഡന്റ് ഉഷാ റാണി ഉദ്ഘാടനം ചെയ്തു. 363 പ്രതിനിധികളും സംസ്ഥാന കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിനുശേഷം വ്യാഴം വൈകിട്ട് സമ്മേളനം സമാപിക്കും.