കൊച്ചി : ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി നവാഗതനായ അനിൽ ലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചീനാ ട്രോഫി തുറവൂരിൽ ചിത്രീകരണം ആരംഭിച്ചു. പ്രസിഡൻഷ്യൽ മൂവീസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, വർക്കേഴ്സ് ടാക്കീസ് എന്നീ ബാനറുകളിൽ അനൂപ് മോഹൻ, ആഷ്ലിൻ ജോയ് എന്നിവർ ചേർന്നാണ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ചിത്രം നിർമ്മിക്കുന്നത്.
പുതുമുഖം ദേവിക രമേഷ് ആണ് ചിത്രത്തിലെ നായിക. ഒരു ഗ്രാമത്തിൽ ബോർമ്മ നടത്തി ജീവിക്കുന്ന സാധാരണക്കാരനായ യുവാവിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ നർമ്മമുഹൂർത്തങ്ങളിലൂടെഅവതരിപ്പിക്കുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി ജോണി ആന്റണിയും, ഓട്ടോറിക്ഷ തൊഴിലാളിയായി ജഫാർ ഇടുക്കിയും വേഷമിടുന്ന ചിത്രത്തിൽ പൊന്നമ്മ ബാബു, ഉഷ, ബബിത ബഷീർ എന്നിവർക്കൊപ്പം കെൻ ഡി സിർദോ എന്ന ചൈനീസ് താരവുംപ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രധാന ലൊക്കേഷൻ എറണാകുളം, തുറവൂർ, പള്ളിത്തോട് എന്നിവിടങ്ങളാണ്.
എൻ.എം ബാദുഷ, ബഷീർ പി.ടി എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. ഛായാഗ്രാഹകൻ സന്തോഷ് അനിമ, എഡിറ്റിങ്: രഞ്ജൻ എബ്രഹാം, സംഗീതം: സൂരജ് സന്തോഷ് & വർക്കി, ആർട്ട്: അസീസ് കരുവാരക്കുണ്ട്, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: ഉമേഷ്.എസ്.നായർ, കോസ്റ്റ്യൂം: ശരണ്യ, മേക്കപ്പ്: അമൽ ചന്ദ്രൻ & സജിത്ത് വിതുര, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: പവിത്രൻ അനിമ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.