കൊച്ചി
പീഡനക്കേസുകളിൽ പരാതി നൽകാൻ വൈകിയതിന്റെ പേരിൽ പ്രോസിക്യൂഷൻ നടപടി ഉപേക്ഷിക്കാനാകില്ലെന്ന് ഹൈക്കോടതി. പരമ്പരാഗതമൂല്യങ്ങളാൽ ബന്ധിതമായ സമൂഹത്തിൽ ഇരയും കുടുംബാംഗങ്ങളും പല കാര്യങ്ങളും ആലോചിച്ചശേഷമാണ് പരാതിക്ക് തയ്യാറാകുന്നതെന്നും അതുകൊണ്ട് പരാതി നൽകാൻ വൈകുന്നത് മറ്റു കേസുകളിലെപ്പോലെ പ്രതികൂലമായി കാണേണ്ടതില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് അഭിപ്രായപ്പെട്ടു.
മകളെ അച്ഛൻ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി അഞ്ചുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചതിനെതിരെ നൽകിയ അപ്പീലിലാണ് കോടതി അഭിപ്രായം രേഖപ്പെടുത്തിയത്. വിചാരണക്കോടതി ശിക്ഷ വിധിച്ചത് ശരിവച്ച ഹൈക്കോടതി തടവുശിക്ഷ മൂന്നുവർഷമായി കുറച്ചു. പരാതി വൈകിയത് സംശയകരമാണെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം തള്ളിയാണ് കോടതി പരാമർശം നടത്തിയത്.
പരമ്പരാഗത ചിന്താഗതി പുലർത്തുന്ന സമൂഹത്തിൽ, അതും ഗ്രാമീണ മേഖലയിൽനിന്നുള്ളവർ പരാതി നൽകാൻ വൈകിയെന്നത് പ്രോസിക്യൂഷൻ നടപടി ഉപേക്ഷിക്കുന്നതിന് ന്യായമല്ല. കേസിന്റെ വിശ്വാസ്യതയിൽ സംശയമുണ്ടെങ്കിൽ മാത്രമാണ് പരാതി നൽകാൻ വൈകിയെന്ന കാരണം നിർണായകമാകൂ എന്നും -കോടതി പറഞ്ഞു. 2015 വരെ നടന്ന സംഭവത്തെക്കുറിച്ച് 2016ലാണ് പരാതി നൽകിയതെന്ന വാദമാണ് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ, പെൺകുട്ടി 2014ൽ തന്നെ പരാതി നൽകിയത് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.