തിരുവനന്തപുരം
വടക്കൻ –-മധ്യ കേരളത്തിൽ കാലവർഷം കനത്തു, ഇടുക്കിയിൽ മരം വീണ് മൂന്ന് മരണം. അടിമാലിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു. കനത്തമഴയിൽ ഉടുമ്പൻചോല താലൂക്കിലെ മൂന്നിടത്ത് മരംവീണ് രണ്ട് തോട്ടംതൊഴിലാളി സ്ത്രീകളും ഒരു അതിഥിത്തൊഴിലാളിയുമാണ് മരിച്ചത്. ചൊവ്വാഴ്ച പൂപ്പാറയ്ക്കു സമീപം തോണ്ടിമലയിൽ തൊഴിലാളിയായ ലക്ഷ്മി പാണ്ഡ്യൻ (63), ശാന്തൻപാറയ്ക്ക് സമീപം മെെലാടുംപാറയിൽ നാഗരാജിന്റെ ഭാര്യ മുത്തുലക്ഷ്മി (50), പൊന്നാങ്കാണി പച്ചക്കാനം എസ്റ്റേറ്റിൽ അതിഥിത്തൊഴിലാളി ജാർഖണ്ഡ് സ്വദേശി സോമു ലക്ര(60) എന്നിവരാണ് മരിച്ചത്.
അടിമാലി ദേവിയാർപ്പുഴയിൽ മീൻപിടിത്തത്തിനിടെ ഞായറാഴ്ച ഒഴുക്കിൽപ്പെട്ടയാളെ കണ്ടെത്താനായില്ല. ഒഴുവാത്തടം കളത്തിപ്പറമ്പിൽ തങ്കന്റെ മകൻ അഖിലി (22)നെയാണ് കാണാതായത്. തോണ്ടിമലയിൽ 10 തൊഴിലാളികൾ പണി ചെയ്യുന്നതിനിടെയാണ് പകൽ പതിനൊന്നോടെ മരം ഒടിഞ്ഞുവീണത്. മൂന്നു പേർക്ക് പരിക്കേറ്റു. പരേതനായ പാണ്ഡ്യനാണ് ലക്ഷ്മിയുടെ ഭർത്താവ്. മക്കൾ: ഉമ, കണ്ണൻ. മൈലാടുംപാറ സെന്റ് മേരീസ് എസ്റ്റേറ്റിലാണ് മുത്തുലക്ഷ്മി ജോലി ചെയ്തിരുന്നത്. മക്കൾ: നദിയ, റാംജി. അതിഥിത്തൊഴിലാളി സോമുചക്രയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ.
കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു. പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയാണ്. കാസർകോട് കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്നു. രണ്ടു വീട് തകർന്നു. കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. കുറ്റ്യാടിപ്പുഴയുടെ തീരത്ത് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം നിലമ്പൂർ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ബാബു എന്ന ആദിവാസി യുവാവ് തിങ്കൾ രാത്രി മുഴുവൻ ആഢ്യൻപാറയിലെ കൊടുംവനത്തിൽ കുടുങ്ങി. ഇയാളെ ചൊവ്വ രാവിലെ നാട്ടുകാരും വിവിധ സേനാവിഭാഗങ്ങളും ചേർന്ന് രക്ഷിച്ചു. തൃശൂർ ജില്ലയിൽ എറിയാട്, ഏങ്ങണ്ടിയൂർ, കടപ്പുറം, പുന്നയൂർക്കുളം മേഖലകളിൽ കടലാക്രമണം രൂക്ഷമായി. എറിയാട്ട് നിരവധി വീട്ടിൽ വെള്ളംകയറി. തീരദേശ റോഡ് തകർന്നു. മറ്റത്തൂർ പഞ്ചായത്തിലെ നാലായിരത്തോളം നേന്ത്രവാഴകൾ വെള്ളത്തിൽ മുങ്ങി. വടക്കാഞ്ചേരി എയ്യാലിൽ വീടിനു മുകളിലേക്ക് മരംവീണു.
8 ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട്
ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടിന് സമാന ജാഗ്രത പാലിക്കണം. കേരള-ം, ലക്ഷദ്വീപ്-, കർണാടക, കന്യാകുമാരി തീരങ്ങളിൽ മീൻപിടിത്തത്തിന് പോകരുത്.