കോഴിക്കോട് > കോര്പ്പറേഷന് പരിധിയില്‍ ആവിക്കല്‍ തോട് പ്രദേശത്ത് സ്ഥാപിക്കുന്ന മാലിന്യ സംസ്ക്കരണ പ്ലാന്റ് ഇന്ന് ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ളതാണെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ ഒരു തരത്തിലും ബാധിക്കാത്ത പദ്ധതിയാണിത്.
ആവിക്കല്‍ തോടുള്‍പ്പെടെയുള്ള ജലസ്രോതസ്സുകളും മലിന ജലവും ശാസ്ത്രീയമായി സംസ്ക്കരിക്കുക വഴി അവിടുത്തെ ജനങ്ങളുടെ ജീവിതത്തെ ആരോഗ്യകരമാക്കാന്‍ സഹായിക്കുന്നതുമാണ് ഈ പദ്ധതി. ഒരു മലിനീകരണവുമില്ലാത്ത നിലയിൽ സമാനമായ പദ്ധതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പിലാക്കിയിട്ടുണ്ട്. ആവിക്കൽതോട് പ്രദേശത്തെ സമരക്കാർ തന്നെ ഇക്കാര്യം കണ്ട് ബോധ്യപ്പെട്ട് സമരത്തിൽ നിന്ന് പിന്മാറിയിരുന്നു. കണ്ണൂരിൽ സമാനമായ പ്രതിഷേധം ഉണ്ടായപ്പോളും സമരക്കാർ പിന്മാറിയത് ഈ മാതൃക കണ്ടാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഈ മാലിന്യപ്ലാന്റിന് ചുറ്റും ഒരു പൂന്തോട്ടവും പാർക്കും നിർമ്മിക്കാൻ നഗരസഭ 3 കോടിയുടെ പദ്ധതി രൂപകൽപ്പന ചെയ്തിട്ടുണ്ട്. സമാനമായ നിലയിൽ ആവിക്കൽതോടിനെയും നഗരസഭയുടെ സഹായത്തോടെ ഒരു ടൂറിസം ഡെസ്റ്റിനേഷൻ ആക്കിമാറ്റാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. എം കെ മുനീർ എം എൽ എയുടെ അടിയന്തര പ്രമേയ നോട്ടീസിനായിരുന്നു മന്ത്രിയുടെ മറുപടി.
അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് കോര്പ്പറേഷന് നടപ്പിലാക്കുന്ന ഈ പദ്ധതി കോര്‍പ്പറേഷന്റെ കൈവശമുള്ള 74 സെന്റ് ഭൂമിയിലാണ് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഏറ്റവും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് യാതൊരു മലിനീകരണ സാധ്യതയും ഇല്ലാതെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയാണ് ആവിക്കല്‍ മാലിന്യ സംസ്ക്കരണ പ്ലാന്റ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും തീരദേശ പരിപാലന അതോറിറ്റിയുടെയും മറ്റ് നിയമപരമായ ഏജന്‍സികളുടെയും എല്ലാവിധ അനുമതിയും അംഗീകാരവും ലഭിച്ചതിനുശേഷമാണ് പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. മന്ത്രി അറിയിച്ചു.