കാസർകോട് > സൗമ്യത പി രാഘവന് അലങ്കാരമല്ല, മുഖമുദ്രയായിരുന്നു. എല്ലാ രാഷ്ട്രീയക്കാർക്കും അദ്ദേഹം ഒരു പോലെ സ്വീകാര്യനായതിന് പിന്നിലെ രഹസ്യവും ഇതാണ്. ഈ പൊതു സ്വീകാര്യത അദ്ദേഹത്തെ ജനകീയനാക്കി. കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ഉദുമ നിയമസഭാ സീറ്റിൽ 1991 ൽ അവരുടെ സ്ഥാനാർഥിയെ തോൽപ്പിച്ച് നിയമസഭയിലെത്താൻ പി രാഘവന് പിൻബലമേകിയതും ഈ ജനകീയത തന്നെ.
രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്നുള്ള സഹതാപതരംഗത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നപ്പോഴും ഉദുമയിൽ പി രാഘവന്റെ പൊതുസ്വീകാര്യതക്ക് ഇടിവുതട്ടിയില്ല.
അക്കാലത്ത് യുഡിഎഫ് ശക്തികേന്ദ്രങ്ങളെന്ന് അറിയപ്പെട്ടിരുന്ന ദേലംപാടി, ചെമ്മനാട്, പുല്ലൂർ പെരിയ, പള്ളിക്കര, ഉദുമ, ചെമ്മനാട് പഞ്ചായത്തുകൾ പി രാഘവനെന്ന ജന നേതാവിനെ സ്വീകരിച്ചു. ആദ്യവട്ടം 916 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചതെങ്കിൽ രണ്ടാമത് ഭൂരിപക്ഷം പതിനായിരത്തിലധികമായി. പി രാഘവനെ പിന്തുണച്ച ദേലംപാടി, പുല്ലൂർ പെരിയ, പള്ളിക്കര, ഉദുമ പഞ്ചായത്തുകൾ വലതുപക്ഷ രാഷ്ട്രീയത്തെ തള്ളി പറഞ്ഞ് ഇടതുപക്ഷത്തിന്റെ ഉറച്ച കേന്ദ്രങ്ങളായി.
പരമ്പരാഗതമായി കോൺഗ്രസിനൊപ്പവും മുസ്ലീ ലീഗിനൊപ്പവും നിന്നിരുന്ന മതന്യൂനപക്ഷ വിഭാഗങ്ങളെയും ഇതര വിഭാഗങ്ങളെയും ചെങ്കൊടി തണലിൽ അണി ചേർക്കാൻ ആ പ്രവർത്തന ശൈലിക്കായി. വോൾട്ടേജില്ലാതെ ഇരുട്ടിലായിരുന്ന ഉത്തര കേരളത്തിൽ പ്രകാശം പരത്തിയ മൈലാട്ടി ഡീസൽ വൈദ്യുതി നിലയം അദ്ദേഹത്തിന്റെ ആശയമാണ്. കാസർകോടും കാഞ്ഞങ്ങാടും വേഗത്തിലെത്താൻ കഴിയാതെ വഴിമുട്ടി ഒറ്റപ്പെട്ടിരുന്ന ഗ്രാമങ്ങളിൽ നിരവധി റോഡും പാലവും അദ്ദേഹത്തിന്റെ ഇടപെടലിൽ യാഥാർഥ്യമായി. ജനങ്ങളുടെയും നാടിന്റെയും നാഡി മിടിപ്പ് വ്യക്തമായി അറിയാമായിരുന്ന അദ്ദേഹത്തിന്റെ പരിശ്രമത്തിനും സൗമ്യതക്കും മുന്നിൽ ചുവപ്പ് നാടകൾ അഴിഞ്ഞ് വീണു. പിന്നീട് ഉദുമ എക്കാലത്തേയും ഇടതുകോട്ടയായത് പി രാഘവന്റെ കരുത്തുറ്റ നേതൃത്വത്താൽ തന്നെയാണ്.