തിരുവനന്തപുരം
ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് വിൽപന ലേലത്തിൽ പങ്കെടുക്കാൻപോലും സംസ്ഥാനത്തെ അനുവദിക്കാത്ത കേന്ദ്രനിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു.ലേല പങ്കാളിത്തം ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കുന്നത് പരിഗണിക്കും. നഷ്ടത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങളെ വിറ്റഴിക്കുന്നതിൽ തുടക്കമിട്ട കേന്ദ്ര സർക്കാർ ഇപ്പോൾ ലാഭത്തിലുള്ളവയുടെയും കച്ചവടം ഉറപ്പിക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
ലാറ്റക്സ് ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി കത്ത് നൽകിയെങ്കിലും കേന്ദ്രസർക്കാർ അനുകൂലമായിരുന്നില്ല. ലേലത്തിന് തീരുമാനിച്ചപ്പോൾ, അതിൽ പങ്കെടുക്കാനായി മന്ത്രിസഭായോഗം കെഎസ്ഐഡിസിയെ ചുമതലപ്പെടുത്തി. തുടർന്ന് ബിഡ് സമർപ്പിച്ചു. എന്നാൽ, കേന്ദ്രാനുമതി വേണമെന്ന നിബന്ധന കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. ഇത് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മാത്രമാണ് ബാധകമെന്നതുകാട്ടി സംസ്ഥാനം സർക്കാർ കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.