കോട്ടയം> അരനൂറ്റാണ്ടോളം സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് കര്‍മ രംഗമാക്കിയ ചലച്ചിത്ര- നാടക പ്രവര്ത്തകന് എം എം വര്‍ക്കി(വര്ക്കിച്ചായന്– 85 )അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്താല്‍ ചികിത്സയിലായിരുന്നു.
വിപുലമായ വായനയിലൂടെയും പഠനത്തിലൂടെയും ലഭിച്ച അഗാധമായ തിയറ്റര്‍ അറിവുകള്‍ പുതുതലമുറയിലേക്ക് വാമൊഴിയായി പകര്‍ന്നു നല്കിയ അപൂര്‍വ്വ വ്യക്തിത്വമാണ്. ജോണ്‍ ഏബ്രാഹം , അരവിന്ദന് തുടങ്ങിയ പ്രതിഭാധനര്‍ മുതല്‍ പുതുതലമുറയിലെ പി ആര് ഹരിലാല്‍ വരെ വര്‍ക്കിച്ചായനുമായി സിനിമാ ചര്‍ച്ചകള്‍ നടത്തിയവരില്‍ പെടും. ജില്ലയിലെ സിപിഐ എമ്മിന്റെ നേതൃനിരയുടെ ഹൃദയ സൂക്ഷിപ്പുകാരനുമായി.
എം ജി രാമചന്ദ്രന്, ടി കെ രാമകൃഷ്ണന് , കെ കെ ജോസഫ് ,വൈക്കം വിശ്വന്, കെ ജെ തോമസ്, വി എന്‍ വാസവന് എന്നീ ജില്ലാ സെക്രട്ടറിമാര്‍ക്കൊപ്പം ഡി സി ഓഫീസില്‍ വിവിധ ചുമതലകള്‍ നിര്‍വ്വഹിച്ചു. അവിവാഹിതനാണ്
സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ ഓഫീസ് പടി കയറിയെത്തിയ അഡ്വ. കെ സുരേഷ്കുറപ്പിനു പിന്നാലെ വന്ന കോട്ടയത്തെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ക്കും വായനയുടെ വാതായനം തുറന്നു നല്കിയ കാരണവരായിരുന്നു. അപൂര്‍വ പുസ്തക ശേഖരത്തിനും ഉടമയാണ്. ചെടികളെയും പൂക്കളെയും വലുതായി ഇഷ്ടപ്പെട്ടു. തിരുനക്കര വടക്കേനടയിലെ പഴയ ഓഫീസിലും തെക്കുംഗോപുരത്തെ പുതിയ ഓഫീസിലും അദ്ദേഹമൊരുക്കിയ പൂന്തോട്ടങ്ങളില്‍ നിന്നുള്ള സൗരഭ്യം പലതലമുറകള് അറിഞ്ഞു.
സിനിമാ സംബന്ധിയായ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. നീണ്ടു നരച്ച താടിയും കട്ടിക്കണ്ണടയും ജൂബ്ബയുമായി കോട്ടയത്തെ പൗരാവലിയും കൗതുകത്തോടെ കണ്ട സാംസ്ക്കാരിക പ്രവര്‍ത്തനായിരുന്നു. മാസ് ഫിലം സൊസൈറ്റി സ്ഥാപകന്‍. കൊഴുവാനാല്‍ മാന്തറ കുടുംബാഗം. സഹോദരങ്ങള്‍: യശശരീരനായ തോമസ്, മാത്യു, ജെയിംസ് ( ഗുജറാത്ത് ), ഏബ്രാഹം (ഗോവ), മേരി ( എറണാകുളം). മന്ത്രി വി എന്‍ വാസവന്, ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ്, സിപിഐ എം നേതാക്കളായ വൈക്കം വിശ്വന് , എ വി റസല്‍, അഡ്വ. കെ അനില്‍കുമാര്‍ , അഡ്വ. കെ സുരേഷ്കുറുപ്പ് എന്നിവര്‍ അനുശോചിച്ചു.
സംസ്കാരം ചൊവ്വാഴ്ച്ച. മൃതദേഹം ചൊവ്വ രാവിലെ പത്തിന് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.