ബർമിങ്ഹാം> ഇംഗ്ലീഷ് പേസിൽ മുങ്ങിത്താണ ഇന്ത്യയെ ഋഷഭ് പന്തിന്റെ ബാറ്റ് കരകയറ്റി. അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ 98 റണ്ണെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യക്ക് പന്തിന്റെ ഏകദിനശൈലിയിലുള്ള അഞ്ചാം സെഞ്ചുറി തുണയായി. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ സ്കോർ 7–-338.
ഇരുപത് ഫോറും നാല് സിക്സറും പറത്തിയ പന്ത് 111 പന്തിൽ 146 റൺ നേടി. രവീന്ദ്ര ജഡേജ 163 പന്തിൽ 83 റണ്ണുമായി പുറത്തായില്ല. ഇരുവരുംചേർന്ന് ആറാംവിക്കറ്റിൽ 222 റണ്ണടിച്ചു. ശുഭ്മാൻ ഗിൽ (17) ചേതേശ്വർ പൂജാര (13) ശ്രേയസ് അയ്യർ (15) എന്നിവരെ ജയിംസ് ആൻഡേഴ്സൺ മടക്കി. ഹനുമ വിഹാരിയെ (20) വിക്കറ്റിനുമുന്നിൽ കുടുക്കിയ മാറ്റി പോട്സ് വിരാട് കോഹ്ലിയെ (11) ബൗൾഡാക്കി.
ടോസ് നേടിയ ഇംഗ്ലണ്ട് പന്തെറിയാൻ തീരുമാനിക്കുകയായിരുന്നു. കളി 20 ഓവർ പൂർത്തിയായപ്പോൾ മഴയെത്തി. രണ്ട് മണിക്കൂറിനുശേഷമാണ് പുനരാരംഭിച്ചത്.