പാലക്കാട്> വളർത്തുനായയുടെ കടിയേറ്റപ്പോഴുണ്ടായ മുറിവിന്റെ ആഴക്കൂടുതലാകാം മങ്കരയിലെ പെൺകുട്ടിക്ക് പേവിഷബാധയേൽക്കാൻ കാരണമെന്ന് ഡിഎംഒ കെ പി റീത്ത അറിയിച്ചു. ശ്രീലക്ഷ്മിക്ക് വാക്സിൻ നൽകുന്നതിൽ പാകപ്പിഴ വന്നിട്ടില്ല. ഗുണനിലവാരമുള്ള വാക്സിൻ തന്നെയാണ് നൽകിയതെന്നും ഡിഎംഒ വ്യക്തമാക്കി. പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. ശനി വൈകീട്ട് ഇക്കാര്യത്തിൽ നിഗമനത്തിലെത്താൻ കഴിയുമെന്നും ഡിഎംഒ അറിയിച്ചു.
മേയ് മുപ്പതിനാണ് ശ്രീലക്ഷ്മിയെ വളർത്തുനായ ഇടതുകൈവിരലുകളിൽ കടിച്ചത്. ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി വാക്സിൻ എടുത്തു. കൂടുതൽ മുറിവുണ്ടായിരുന്നതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സിറവും കുത്തിവെച്ചു. പിന്നീട് മൂന്ന് ഡോസ് വാക്സിൻകൂടി എടുത്തു. ഇതിൽ രണ്ടെണ്ണം പാലക്കാട് ജില്ലാ ആശുപത്രിയിൽനിന്നും ഒന്ന് സ്വകാര്യ ആശുപത്രിയിൽനിന്നുമാണ് എടുത്തത്. ജൂൺ ഇരുപത്തേഴിനകം എല്ലാ വാക്സിനുകളും സ്വീകരിച്ചെങ്കിലും പിറ്റേന്നുമുതൽ പനി തുടങ്ങി. മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടിയെങ്കിലും കഴിഞ്ഞ ദിവസം പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു.
സംഭവത്തിന്ആ ശേഷം ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം അന്വേഷണത്തിനായി രൂപീകരിച്ച റാപ്പിഡ് റെസ്പോൺസ് ടീം വെള്ളിയാഴ്ച യോഗം ചേർന്നിരുന്നു. ശ്രീലക്ഷ്മിക്ക് നൽകിയ ചികിത്സയുടെ വിശദാംശങ്ങൾ യോഗം വിലയിരുത്തി. കടിച്ച വളർത്തുനായയ്ക്ക് വാക്സിൻ എടുത്തിരുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇതേ നായ ഉടമയേയും കടിച്ചിരുന്നു. അവർക്ക് വാക്സിൻ ഫലിച്ചിട്ടുമുണ്ട്. ഇക്കാര്യവും വിശകലനം ചെയ്യും. അന്നേദിവസം നായയുമായി ഇടപെട്ടവുരുടെ വിശദാംശങ്ങൾ ശേഖരിക്കാനും പ്രത്യേക സംഘം ആലോചിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ശ്രീലക്ഷ്മിയുടെ വീട്ടിലെത്തി പ്രതിരോധനടപടി സ്വീകരിച്ചു. രോഗിയുമായും കടിച്ച നായയുമായും ഇടപഴകിയവർക്ക് പ്രതിരോധകുത്തിവെപ്പ് നൽകും. ചികിത്സയ്ക്കിടെ ചെറിയ മുറിവേറ്റ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്.