കൊച്ചി> ഫോറിൻ പോസ്റ്റ് ഓഫീസിലെത്തിയ വിദേശ പാഴ്സലിൽ എൽഎസ്ഡി സ്റ്റാമ്പുകൾ കണ്ടെത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തലശേരി നെട്ടൂർ കാവ്യാസിൽ വികാസ് എന്ന പി വ്യാസാണ് (35) അറസ്റ്റിലായത്. പാഴ്സലിൽനിന്ന് 3.95 ഗ്രാം വരുന്ന 200 എൽഎസ്ഡി സ്റ്റാമ്പുകൾ കണ്ടെത്തി. എറണാകുളം എക്സൈസ് റേഞ്ച് ഓഫീസിൽനിന്നുള്ള സംഘമാണ് കണ്ണൂർ എക്സൈസ് റേഞ്ച് ഓഫീസിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റുചെയ്തത്.
ഉപഭോക്താക്കൾക്കിടയിൽ “വ്യാസ് ഭായ് ” എന്നറിയപ്പെടുന്ന ഇയാൾ വൻതോതിൽ മയക്ക് മരുന്ന് വിൽപന നടത്തിവരുകയായിരുന്നു. ഗോവാ, ബംഗളൂരു എന്നിവിടങ്ങളിലെ ഡി ജെ പാർട്ടികളിൽ പങ്കെടുക്കുന്ന ഐടി വിദഗ്ധർക്കാണ് ഇയാൾ പ്രധാനമായും ലഹരിമരുന്നുകൾ എത്തിച്ചിരുന്നത്. വിപണിയിൽ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
പോളണ്ടിൽ നിന്നാണ് പാഴ്സൽ വന്നത്. വെബ്സൈറ്റ് വഴി ബിറ്റ്കോയിൻ കൊടുത്താണ് ഇത് വാങ്ങിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഐടി സ്ഥാപനത്തിൽ പാർട്ടൈം ഡാറ്റാ എൻട്രി ഓപറേറ്ററാണ് വ്യാസ്. ഇയാളുടെ വീട്ടിൽനിന്ന് 105 ഗ്രാം കഞ്ചാവ്, 18.75 ഗ്രാം ഹാഷിഷ്, 604.2 മില്ലിഗ്രാം എംഡിഎംഎ, 36 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാമ്പ്, 254.2 മില്ലിഗ്രാം ഹെറോയിൻ എന്നിവ കണ്ടെടുത്തു. എക്സൈസ് ഇൻസപെക്ടർ എം എസ് ഹനീഫ്, അസി. എക്സൈസ് ഇൻസ്പെക്ടർ കെ വി രവി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.