കൊച്ചി> മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനി എക്സാലോജിക്കിന്റെ സൈറ്റിലുണ്ടായിരുന്ന പഴയ വിവരങ്ങളെന്ന് കാട്ടി മാത്യു കുഴൽനാടൻ എംഎഎൽഎ പുറത്തുവിട്ട ചിത്രങ്ങളും വ്യാജം. വീണയുടെ സഹപ്രവർത്തകനായിരുന്ന ദീപക്കിന്റെ ചിത്രമാണ് ജെയിക് ബാലകുമാർ എന്ന പേരിൽ എംഎൽഎ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രചരിപ്പിച്ചത്. മനോരമയടക്കമുള്ള മാധ്യമങ്ങൾ വീണ ജെയ്ക് ബാലകുമാറിനൊപ്പം എന്ന തരത്തിൽ ചിത്രങ്ങൾ വാർത്തയായി നൽകുകയും ചെയ്തു.
വീണ ജെയ്ക് ബാലകുമാറിനൊപ്പമെന്ന പേരിൽ പ്രചരിപ്പിച്ച രണ്ട് പടത്തിലും ജെയക് ബാലകുമാറില്ല എന്ന് വ്യക്തമാണ്. കമ്പനിയിലെ സഹപ്രവർത്തകർക്കൊപ്പമുള്ള ചിത്രമാണ് ഇത്തരത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ വ്യാജ പ്രചരണത്തിനായി ഉപയോഗിച്ചത്. ജെയ്ക് ബാലകുമാർ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്ന ചിത്രത്തിൽ ഇരിക്കുന്നത് മോനിക്ക ടൂർസ് ആൻഡ് ട്രാവൽസ് ചെയർമാൻ ഡെന്നി തോമസ് ചെമ്പഴയാണ്. താൻ പങ്കുവച്ച വിവരങ്ങൾ തെറ്റാണെങ്കിൽ കേസെടുക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ പുറത്ത് വിട്ട ചിത്രങ്ങൾ വ്യാജമാണെന്ന് ഇതോടെ ഉറപ്പായി.
വീണ, ജെയ്ക് ബാലകുമാറിനൊപ്പമെന്ന പേരിൽ മനോരമ നൽകിയ ചിത്രങ്ങൾ
സഹപ്രവർത്തകരുടെ കസിൻ ബ്രദറായ ജെയിക്കിനെ എക്സാലോജിക് സൊലൂഷൻസിന്റെ കൺസൾട്ടന്റായി വെബ്സൈറ്റിൽ പരാമർശിച്ചിട്ടുണ്ടെന്ന് വീണ നേരത്തെ വ്യക്തമാക്കിയിരുന്നു. അത് ഐടി രംഗത്ത് സാധാരണവുമാണെന്ന് ഏഷ്യാനെറ്റ് ന്യൂസിൽ കുടുംബസമേതമുള്ള അഭിമുഖത്തിൽ വീണ വ്യക്തമാക്കുന്നുമുണ്ട്. ഒരിക്കൽപോലും വീണ മെന്ററാണ് എന്ന് പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ഒരു രേഖയിലോ വെബ്സൈറ്റിലോ പോലും അത്തരം വിവരമില്ല. പറയാത്ത കാര്യം പറഞ്ഞു നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനായിരുന്നു മാത്യു കുഴൽനാടന്റെ ശ്രമമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങൾ.
അതേസമയം പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെക്കുറിച്ച് സ്വർണ്ണക്കടത്ത് വിവാദത്തിന് ശേഷം മാത്രമാണ് താൻ കേട്ടതെന്ന മാത്യു കുഴൽനാടന്റെ വാദവും പൊളിഞ്ഞു. മാത്യു കുഴൽനാടൻ എംഎൽഎയുടെ ഡൽഹി ആസ്ഥാനമായ KMNP Law Firm ഡൽഹി ഓഫീസിൽ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിലെ HR വിഭാഗം അസോസിയേറ്റ് ഡയരക്ടറായ മുഹമ്മദ് ആസിഫ് ഇക്ബാലിനെ ആദരിച്ച വാർത്തയും ചിത്രവും അവരുടെ ഫെയ്സ്ബുക്ക് പേജിലുണ്ട്. ഇത് വ്യക്തമാക്കുന്നത് മാത്യു കുഴൽനാടന് PwC യെപ്പറ്റി അറിയാം എന്നുമാത്രമല്ല, അതിലെ HR വിഭാഗത്തിൽ പ്രവർത്തിക്കുന്നവരുമായി നേരിട്ട് ബന്ധവുമുണ്ടെന്നാണ് ജിതിൻ ഗോപാലകൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചു.