തിരുവനന്തപുരം> മാത്യു കുഴൽനാടന്റെ സഭയിലെ ആരോപണം പറഞ്ഞു പഴകിയും കേട്ടു തഴമ്പിച്ചതുമായ ഒന്നിന്റെ ആവർത്തനം മാത്രം. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയാണ് ‘ജെയിക് ബാലകുമാർ അങ്ങയുടെ മകളുടെ മെന്ററെ പോലെയാണെന്ന് മകൾ പറഞ്ഞ കാര്യം നിഷേധിക്കാൻ കഴിയുമോ?’ എന്ന് കുഴൽനാടൻ ചോദിച്ചത്. “അത്തരത്തിലുള്ള ഒരു വ്യക്തിയെയും മെന്ററായിട്ട് എന്റെ മകൾ ഒരിക്കലും പറഞ്ഞിട്ടില്ല’ എന്ന് മുഖ്യമന്ത്രി മറുപടി നൽകി.
ഏഷ്യാനെറ്റിന്റെ അഭിമുഖത്തിൽ നേരത്തെ തന്നെ ഇതുസംബന്ധിച്ച ആരോപണത്തിന് വീണ മറുപടി പറഞ്ഞുകഴിഞ്ഞതാണ്. അതു തന്നെയാണ് മറ്റൊരു ദുരാരോപണമാക്കി പച്ചക്കള്ളം മാത്യു കുഴൽനാടൻ ഉന്നയിച്ചത്.
വീണയുടെ ‘എക്സാലോജിക്കി’ന്റെ കൺസൾട്ടന്റുമാരിൽ ഒരാളായി ഈ ജെയിക് ബാലകുമാറിന്റെ പേരുണ്ടായിരുന്നു. സഹപ്രവർത്തകരുടെ കസിൻ ബ്രദറായ ജെയിക്കിനെ എക്സാലോജിക് സൊലൂഷൻസിന്റെ കൺസൾട്ടന്റായി വെബ്സൈറ്റിൽ പരാമർശിച്ചിട്ടുണ്ട്. അത് ഐടി രംഗത്ത് സാധാരണവുമാണ്. ഏഷ്യാനെറ്റ് ന്യൂസിൽ കുടുംബസമേതമുള്ള അഭിമുഖത്തിൽ വീണ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. ഒരിക്കൽപോലും വീണ മെന്ററാണ് എന്ന് പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ഒരു രേഖയിലോ വെബ്സൈറ്റിലോ പോലും അത്തരം വിവരമില്ല. പറയാത്ത കാര്യം പറഞ്ഞു നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനായിരുന്നു ശ്രമം.
ലോകത്താകെ 742 ഇടത്തായി മൊത്തം 157 രാജ്യത്ത് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി ) പ്രവർത്തിക്കുന്നുണ്ട്. 19,447 ഡയറക്ടർമാരിൽ ഒരാൾ മാത്രമാണ് ജെയിക് ബാലകുമാർ. പിഡബ്ല്യുസിയുടെ നയപരമായ തീരുമാനം കൈക്കൊള്ളാനുള്ള പദവിയോ അധികാരമോ ജെയ്ക്കിനില്ല. വീണ വഴിയാണ് സ്വപ്നയ്ക്ക് പിഡബ്ല്യുസിയുമായി ബന്ധമുള്ള സ്ഥാപനത്തിൽ കരാർ ജോലി കിട്ടിയതെന്ന വല്ലാത്ത കണ്ടുപിടിത്തവുമുണ്ട് കുഴൽനാടന്റേതായി. സ്വപ്ന ഒരിക്കലും ഐടി വകുപ്പ് ജീവനക്കാരിയായിരുന്നില്ലെന്ന വസ്തുതപോലും അറിയാതെയാണ് ഈ നുണബോംബ്.
കേരള ഐടി ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡിന്റെ സ്പേസ് പാർക് പ്രോജക്ടിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിനെയാണ് കൺസൾട്ടന്റായി നിയമിച്ചിരുന്നത്. അവർ സഹകരാർ കൊടുത്ത കമ്പനിയാണ് വിഷൻ ടെക്. ഇതിലെ കരാർ ജീവനക്കാരി മാത്രമായിരുന്നു സ്വപ്ന.