കൊച്ചി> ജില്ലയിൽ കൊതുകു ജന്യ, ജല ജന്യ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ലാ അവലോകന യോഗത്തിൽ തീരുമാനം. ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ് ബി, അതിസാരം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് തീരുമാനം.കൊതുക് നശീകരണ പ്രവർത്തനങ്ങൾ എല്ലായിടത്തും ഫലപ്രദമായി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെള്ളിയാഴ്ചയും സർക്കാർ ഓഫീസുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ ശനിയാഴ്ചയും വീടുകളിൽ ഞായറാഴ്ചയും നടത്തുന്ന ഡ്രൈ ഡേ ഊർജിതമാക്കണം.
കുടുംബശ്രീ, ആശ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വീടുകളിൽ ഡ്രൈ ഡേ ആചരിക്കാൻ ബോധവൽക്കരണം നടത്തണം. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും കൊതുകുകളുടെ ഉറവിട നശീകരണം നടത്തും. വാർഡ് തലത്തിൽ സാനിറ്റൈസഷൻ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും ഫോഗിങ്ങ് ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. രോഗ നിരക്ക് കുറയുന്നത് വരെ രണ്ടാഴ്ചയിലൊരിക്കൽ അവലോകന യോഗം ചേരും.
കൊച്ചി കോർപ്പറേഷൻ പരിധിയിലും തൃക്കാക്കര, കളമശ്ശേരി, ആലുവ മുൻസിപ്പാലിറ്റികളിലുമാണ് ഡെങ്കിപ്പനിയും എലിപ്പനിയും ഏറ്റവുമധികം റിപ്പോർട്ട് ചെയ്തതത്. ജില്ലയിൽ അകെ റിപ്പോർട്ട് ചെയ്ത ഡെങ്കിപ്പനി കേസുകളിൽ 43 ശതമാനവും കോർപ്പറേഷൻ പരിധിയിലാണ്. ഇൻഡോർ സസ്യങ്ങളുടെ പാത്രങ്ങൾ ഉൾപ്പെടെയുള്ളവ ഡെങ്കിപ്പനിക്ക് കാരണമാകുന്നുണ്ട്. ജലജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി താൽക്കാലിക ഭക്ഷണ ശാലകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കും.
ജില്ലയിൽ ഈ വർഷം ഇതു വരെ 1833 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 10 പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. 191 പേർക്ക് എലിപ്പനിയും 203 പേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും 50 പേർക്ക് ഹെപ്പറ്റൈറ്റിസ് സിയും സ്ഥിരീകരിച്ചു. 14 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്.ഓൺലൈൻ ആയി നടന്ന യോഗത്തിൽ കലക്ടർ ജാഫർ മാലിക് അധ്യക്ഷനായി. ഡിഎംഒ ഡോ. വി ജയശ്രീ, ഡോ. സജിത്ത് ജോൺ, ഡോ എസ് ശ്രീദേവി, ഡോ.വിനോദ് പൗലോസ് തുടങ്ങിയവർ സംസാരിച്ചു.