തിരുവനന്തപുരം> മനുഷ്യാവകാശ പ്രവർത്തക ടീസ്താ സെതൽവാദിനേയും ഗുജറാത്ത് മുൻ ഡി ജി പി ആർ ബി ശ്രീകുമാറിനേയും അറസ്റ്റ് ചെയ്ത മോദി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വെള്ളയമ്പലം മാനവീയം വീഥിയിൽ മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് പ്രതിഷേധ പ്രതിരോധം സംഘടിപ്പിച്ചു. മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. മാനവീയം തെരുവിടം വൈസ് പ്രസിഡന്റ് ജി എൽ അരുൺ ഗോപി അധ്യക്ഷനായി.അറസ്റ്റുചെയ്യപ്പെട്ട എല്ലാവരേയും ഉടനടി വിട്ടയക്കണമെന്നും ബന്ധപ്പെട്ടവർക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് നീതി ലഭിക്കുന്നതിന് വേണ്ടി കഴിഞ്ഞ 19 വർഷക്കാലം നീണ്ട പോരാട്ടത്തിലായിരുന്നു തീസ്ത സെതൽവാദും ആർ ബി ശ്രീകുമാറും . കലാപത്തിലെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ മുൻ നിന്നു പ്രവർത്തിച്ചതിന്റെ പേരിലാണ് ഇവർ സംഘപരിവാറിന്റെ ശത്രുക്കളായത്.
പ്രതിഷേധപ്പന്തം പ്ലസ് റ്റൂ വിദ്യാർത്ഥിനി ഗായത്രി ജി ആർ, മാസ്റ്റർ കതിർ പി ജി എന്നിവർ ചേർന്ന് കെ ആർ അജയന് കൈമാറി. അനീജ എ ജെ, എം കെ രാജേന്ദ്രൻ, എൻ കെ സുനിൽ കുമാർ, കെ ജി സൂരജ് എന്നിവർ സംസാരിച്ചു. മനു മാധവൻ സ്വാഗതവും ഡോ രാഹുൽ രഘു നന്ദിയും പറഞ്ഞു.