കൊച്ചി> യുവനടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിജയ് ബാബു കുറ്റക്കാരനെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്ത ശേഷം അന്വേഷണ ഉദ്യോഗസ്ഥനായ ഡിസിപി വി യു കുര്യാക്കോസാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പരാതിയില്‍നിന്ന് പിന്മാറാന് യുവനടിക്ക് വിജയ് ബാബു ഒരുകോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണവും അന്വേഷിക്കും. നടിയുടെ പേര് സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയെന്ന കേസിലും നടപടിയുണ്ടാകുമെന്ന് ഡിസിപി പറഞ്ഞു.
തിങ്കൾ രാവിലെയാണ് സൗത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒമ്പതോടെ വിജയ്ബാബു ചോദ്യം ചെയ്യലിന് ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി വൈകിട്ടോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. എസിപിയുടെ നേതൃത്വത്തിൽ രണ്ടുമണിക്കൂറോളം ചോദ്യംചെയ്തു. ബലാത്സംഗം നടന്നുവെന്ന് നടിയുടെ പരാതിൽ പറയുന്ന – കൊച്ചുകടവന്ത്ര റോഡ് വിദ്യാനഗറിലെ ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ എത്തിച്ച് ഉച്ചയ്ക്കുശേഷം വെളിവെടുപ്പ് നടത്തി. ജൂലൈ മൂന്നുവരെ രാവിലെ ഒമ്പതുമുതൽ വൈകിട്ട് ആറുവരെ വിജയ് ബാബുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതി അനുമതിയുണ്ട്. അതുവരെ വിജയ് ബാബു പൊലീസ് കസ്റ്റഡിയിലുണ്ടാകും.
ഇതിനിടെ സംഭവത്തിൽ വിജയ് ബാബു ഫെയ്സ്ബുക്കിൽ പ്രതികരിച്ചു. നിശബ്ദതയാണ് ഏറ്റവും നല്ല മറുപടി എന്ന ചിത്രവും കുറിപ്പുമാണ് പോസ്റ്റ് ചെയ്തത്. എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല. മാധ്യമങ്ങൾ എന്ത് പ്രകോപനമുണ്ടാക്കിയാലും കോടതിയുടെ നിർദ്ദേശമുള്ളതിനാൽ പ്രതികരിക്കില്ല. അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നു. അവസാനം സത്യം ജയിക്കും എന്നാണ് വിജയ് ബാബുവിന്റെ കുറിപ്പ്. സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് ലൈംഗികമായി വിജയ് ബാബു പീഡിപ്പിച്ചെന്ന് ഏപ്രിൽ 22നാണ് യുവതി പൊലീസിൽ പരാതി നൽകുന്നത്. പരാതി വന്നതിനു പിന്നാലെ രാജ്യംവിട്ട വിജയ് ബാബുവിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പാസ്പോർട്ടും റദ്ദാക്കി. ഹൈക്കോടതി ഇടപെടലിലാണ് നാട്ടിലെത്തി മുൻകൂർ ജാമ്യം നേടിയത്.