തിരുവനന്തപുരം > വയനാട്ടിലെ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമണത്തില്‍ ഗാന്ധിജിയുടെ ചിത്രം താഴെ എത്തിച്ചത് ആരുടെ കുബുദ്ധിയാണെന്ന ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്. എന്തിനാണ് ഇങ്ങനെ ഒരു കുബുദ്ധി കാണിച്ചതെന്നും ഇവര്‍ ഗാന്ധി ശിഷ്യര്‍ തന്നെയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഗോഡ്സെ പ്രായോഗികമായി ചെയ്തത് അവര്‍ പ്രതീകാത്മകമായി ഇവിടെ ചെയ്തുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ മാധ്യങ്ങളോട് പറഞ്ഞു.
രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിനു നേരെയുണ്ടായ അക്രമം എല്ലാവരും ഗൗരവമായാണ് കണ്ടത്. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിച്ചു. അക്രമം തെറ്റായ നടപടിയാണ്. എന്നിട്ടും കോണ്‍ഗ്രസ് കലാപാന്തരീക്ഷമുണ്ടാക്കാനാണ് ശ്രമിച്ചത്. കോൺഗ്രസ് കുത്സിത ശ്രമം നടത്തുന്നു. മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്ഐ പ്രതിഷേധിച്ച് മടങ്ങിയ ശേഷമാണ്. എസ്എഫ്ഐക്കാർ പോയ ശേഷം ഗാന്ധി ചിത്രം അവിടെ ഉണ്ട്. കോൺഗ്രസുകാരാണ് പിന്നെ അവിടെ ഉണ്ടായിരുന്നത്. ആരുടെ കുബുദ്ധിയാണ് ചിത്രം തകര്‍ത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു. സംഘപരിവാറിന് വേണ്ടി കേരളത്തെ കലുഷിതമാക്കുകയാണ്. കലാപക്കളമാക്കി മാറ്റാം എന്നത് ദുർമോഹം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.