തിരുവനന്തപുരം
സൈനിക സേവനത്തെയും കരാർവൽക്കരിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ ഇടതു ജനാധിപത്യ യുവജന സംഘടനകളുടെ (എൽഡിവൈഎഫ്) നേതൃത്വത്തിൽ ബുധനാഴ്ച സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തലസ്ഥാനത്ത് രാജ്ഭവനിലേക്കും മറ്റു ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസികളിലേക്കും നടക്കുന്ന മാർച്ചിൽ യുവജനങ്ങളും വിദ്യാർഥികളും ഉദ്യോഗാർഥികളും പങ്കെടുക്കും. 29ന് നടത്തുന്ന പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യവുമായാണ് പ്രക്ഷോഭം.
വിരമിച്ച സൈനിക ഉദ്യോഗസ്ഥരെയും ഉദ്യോഗാർഥികളെയും സാമൂഹ്യ–- സാംസ്കാരിക രംഗത്തെ പ്രമുഖരെയും പങ്കെടുപ്പിച്ച് ജൂലൈ രണ്ടിന് എറണാകുളത്ത് വിപുലമായ യോഗം നടത്തും. തുടർ ദിവസങ്ങളിൽ പഞ്ചായത്ത് തലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. യൂത്ത് സ്ക്വാഡുകൾ വീടുകളും തൊഴിലിടങ്ങളും സന്ദർശിച്ച് പദ്ധതിക്കെതിരെ പ്രചാരണം നടത്തും.
സൈന്യത്തിലേക്ക് ആർഎസ്എസിനെ തിരുകിക്കയറ്റാനാണ് അഗ്നിപഥിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി വസീഫ്, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്മോൻ, റോണി മാത്യു (യൂത്ത് ഫ്രണ്ട് എം), സന്തോഷ് കാല (യൂത്ത് കോൺഗ്രസ് എസ്), പി കെ അനീഷ് (വൈജെഡിഎസ്), ബി നിബുദാസ് (കെവൈഎഫ് ബി), ഷമീർ പയ്യനങ്ങാടി (എൻവൈഎൽ) എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.