കൽപ്പറ്റ> ദേശാഭിമാനി കൽപ്പറ്റ ഓഫീസിനുനേരെ അക്രമം നടത്തിയ യുഡിഎഫ് പ്രവർത്തകർക്കെതിരെ കൽപ്പറ്റ പൊലീസ് കേസെടുത്തു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉൾപ്പെടെ കണ്ടാലറിയുന്ന നൂറോളം പേർക്കെതിരെയാണ് കേസ്. കലാപം സൃഷ്ടിക്കൽ, അക്രമാസക്തമായി സംഘംചേരൽ തുടങ്ങിയ വകുപ്പുകൾപ്രകാരമാണ് കേസെടുത്തത്.
കെ എം അഭിജിത്തിന് പുറമെ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം ജഷീർ പള്ളിയാൽ, കൽപ്പറ്റ പെരുന്തട്ട സ്വദേശികളായ എം ഷമീർ, സലാം, ബൈപ്പാസ് സ്വദേശി ഷൈജൽ, പ്രതാപ്, പുൽപ്പാറ സ്വദേശി ആബിദ്, വെള്ളാരംകുന്ന് സ്വദേശി സി കെ രവി, ചുണ്ടേൽ സ്വദേശി കെ എം ഷിനോദ് എന്നിവരുൾപ്പെടെ നൂറോളം പേരാണ് കേസിലെ പ്രതികൾ. ശനിയാഴ്ച വൈകിട്ട് യുഡിഎഫ് റാലിക്കിടെയാണ് കൽപ്പറ്റ പള്ളിത്താഴെ റോഡിലുള്ള ജില്ലാ ബ്യൂറോയ്ക്കുനേരെ അക്രമം നടത്തിയത്.
ഓഫീസിനു താഴെ നിലയിൽ താമസിക്കുന്ന തോപ്പിൽ റംലയ്ക്കുനേരെയും അക്രമികൾ കല്ല് വലിച്ചെറിഞ്ഞു. ഇവരും മകളും പുറത്തിറങ്ങി നിലവിളിച്ചതോടെയാണ് അക്രമികൾ പിന്തിരിഞ്ഞത്. ഓഫീസ് തകർത്ത് അകത്തുണ്ടായിരുന്ന ജീവനക്കാരെ വകവരുത്തുക എന്ന ലക്ഷ്യത്തോടൊയായിരുന്നു നൂറോളം വരുന്ന അക്രമികൾ കല്ലും മാരകായുധങ്ങളുമായി ഓഫീസിനുനേരെ പാഞ്ഞടുത്തത്.