ലിയോ തദ്ദേവൂസ് ഒരുക്കുന്ന ചിത്രം ‘പന്ത്രണ്ട്’ തിയറ്ററിൽ എത്തി. വിനായകൻ, ഷൈൻ ടോം ചാക്കോ, ദേവ് മോഹൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. സ്കൈ പാസ് എന്റർടൈൻമെന്റിന്റെ ബാനറിൽ വിക്ടർ എബ്രഹാമാണ് നിർമാണം. സംവിധായകൻ സംസാരിക്കുന്നു:
മിസ്റ്റിക് ആക്ഷൻ ചിത്രം
ബൈബിളിലെ പുതിയ നിയമം സമകാലികമായി ചേർത്തുവയ്ക്കുകയാണ്. യേശുവും 12 ശിഷ്യന്മാരും എന്ന ആശയമാണ് ഇതിവൃത്തം. കഥാപാത്രങ്ങൾക്ക് ഒരു ഗ്യാങ്സ്റ്റർ പശ്ചാത്തലം നൽകി ഒരു മിസ്റ്റിക് ആക്ഷൻ ഡ്രാമ എന്ന രീതിയിലാണ് ഒരുക്കിയത്. ബൈബിളിലെ പലതിനെയും ഇപ്പോൾ നമ്മൾ കാണുന്ന സംഭവങ്ങളിലേക്ക് വ്യാഖ്യാനിക്കുകയാണ് ചെയ്തിരിക്കുന്നത്.
പുതിയ ആഖ്യാനം
വ്യത്യസ്തമായ നരേറ്റീവ് വേണമെന്ന് തീരുമാനിച്ചിരുന്നു. ദൃശ്യങ്ങൾക്കും ശബ്ദത്തിനും പ്രാധാന്യം നൽകി. തിയറ്ററിൽത്തന്നെ ഇറക്കണമെന്ന് തീരുമാനിച്ച് ചെയ്ത സിനിമയാണ്. സംഭാഷണങ്ങളിലൂടെ കഥ പറയുന്ന പതിവ് രീതിയിൽനിന്ന് വ്യത്യസ്തമാണ് ആഖ്യാനം.
വിനായകൻ–-ഷൈൻ കൂട്ടുകെട്ട്
അധികം വരാത്ത ഒരു കൂട്ടുകെട്ടാണ് ഷൈനും വിനായകനും. അവർ സഹോദരങ്ങളായാണ് അഭിനയിക്കുന്നത്. പ്രധാന കഥാപാത്രമായി ദേവ് മോഹനുമുണ്ട്. വിനായകന് കൃത്യമായി ചേരുന്ന കഥാപാത്രമാണ്. ഞങ്ങൾ തമ്മിൽ 25 വർഷത്തെ പരിചയവുമുണ്ട്. വിനായകനൊപ്പം നിൽക്കാൻ കഴിയുന്ന ഒരാളെന്ന നിലയിലാണ് ഷൈനിലേക്ക് എത്തുന്നത്.
ഇനി സ്പൂൺ ഫീഡിങ് ആവശ്യമില്ല
മലയാള സിനിമയിലും പ്രേക്ഷകരിലും മാറ്റമുണ്ടായി. ഇന്ന് ഒരു സൂചന നൽകിയാൽ മതി. പണ്ട് ഡയലോഗ് വേണ്ട സ്ഥലത്ത് ഇന്ന് ഒരു നോട്ടം മതി. സ്പൂൺ ഫീഡിങ്ങിന്റെ കാലം കഴിഞ്ഞു. സൂചനയിൽനിന്ന് ബാക്കി ആളുകൾതന്നെ പൂരിപ്പിക്കുന്ന സ്ഥിതിയിലേക്ക് സിനിമ വളർന്നു. പ്രേക്ഷകരുടെ മനസ്സ് ഓരോ കാലഘട്ടത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. അത് ഒരു മേക്കറും കലാകാരനും എന്നും നേരിടുന്ന വെല്ലുവിളിയാണ്.
സിനിമ ഒടിടി പ്രീമിയർ ചെയ്യുന്നത് തിയറ്റർ എന്ന സംവിധാനംതന്നെ ഇല്ലാതാക്കും. എന്നാൽ, തിയറ്ററിൽ കളിച്ചതിനുശേഷം ഒടിടിയിൽ എത്തുന്നത് ഗുണകരമാണ്. മറ്റു രാജ്യങ്ങളിലടക്കമുള്ളവരിലേക്ക് എത്തും.